‘റോഡ് നിയമം പാലിക്കുന്നവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് ഇളവ്’; കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി

(www.kl14onlinenews.com)
(17-Aug-2023)

‘റോഡ് നിയമം പാലിക്കുന്നവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് ഇളവ്’; കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി

തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സില്‍ ‘നോണ്‍-വയലേഷന്‍ ബോണസ്’ നല്‍കുന്ന കാര്യം ഇന്‍ഷുറന്‍സ് കമ്പനികളുമായി ചര്‍ച്ച ചെയ്യാന്‍ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതോടെ റോഡ് അപകടങ്ങളും മരണനിരക്കും ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.

‘റോഡ് അപകടങ്ങള്‍ കുറഞ്ഞതുകൊണ്ട് ജീവന്‍ രക്ഷിക്കാനായതിനോടൊപ്പം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് വലിയ സാമ്പത്തിക നേട്ടവും ഉണ്ടായി. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പോളിസിയില്‍ ഇളവും തുടരെത്തുടരെ നിയമലംഘനം നടത്തുന്നവര്‍ക്ക് പെനാല്‍റ്റിയും നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെടും. ഓരോ വര്‍ഷവും ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ ഗതാഗത നിയമ ലംഘന പിഴ തുക അടച്ചതായി ഉറപ്പുവരുത്താനും നിര്‍ദ്ദേശിക്കും.’ അപകടമുണ്ടായ ഉടനെ നല്‍കേണ്ട ഗോള്‍ഡന്‍ അവര്‍ ട്രീറ്റ്മെന്റിന്റെ ചെലവുകള്‍ വഹിക്കുന്നതിനും ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിക്കാനും റോഡരികുകളില്‍ സൈന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളോട് അഭ്യര്‍ഥിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സെപ്തംബര്‍ മൂന്നാം വാരം ഇന്‍ഷുറന്‍സ് കമ്പനി മേധാവികളുടെയും ഐആര്‍ഡിഎ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കോളജുകളില്‍ അത്യാഹിത വിഭാഗങ്ങളില്‍ റോഡ് അപകടത്തോടനുബന്ധിച്ചുള്ള രോഗികളുടെ എണ്ണം എ.ഐ. ക്യാമറകള്‍ സ്ഥാപിച്ചതിനു ശേഷം ഗണ്യമായി കുറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ആരോഗ്യ വകുപ്പ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍മാര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയപരിധി ഒക്ടോബര്‍ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു. നവംബര്‍ ഒന്ന് മുതല്‍ സ്വകാര്യ ബസുകളിലും കെഎസ്ആര്‍ടിസി ബസുകളിലും ഇത് നിര്‍ബന്ധമാക്കും. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്ന് മുന്‍പ് തീരുമാനിച്ചിരുന്നു. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്താന്‍ ധാരണയായത്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത്, അഡിഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post