ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; തിലക് വർമ ടീമിൽ; സഞ്ജു സാംസൺ റിസർവ് താരം

(www.kl14onlinenews.com)
(21-Aug-2023)

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; തിലക് വർമ ടീമിൽ; സഞ്ജു സാംസൺ റിസർവ് താരം
ന്യൂഡൽഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ് ദീർഘകാലമായി ടീമിന് പുറത്തായിരുന്ന കെ എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ ഉൾപ്പെടുത്തി. വിൻഡീസിനെതിരായ ടി 20 പരമ്പരയിൽ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ തിലക് വർമയെ ടീമിൽ ഉൾപ്പെടുത്തി. വിന്‍ഡീസിലെ സ്ലോ പിച്ചുകളില്‍ തുടക്കക്കാരന്റെ പതര്‍ച്ചയില്ലാതെ തകര്‍ത്തടിച്ച തിലക് മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്ററുടെ അസാന്നിധ്യത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

രോഹിത് ശർമയുടെ നേതൃത്വത്തിൽ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയില്ലെങ്കിലും റിസർവ് താരമായി ഉൾപ്പെടുത്തി. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ഷാർദുൽ ഠാക്കൂർ എന്നിവരും ടീമിൽ ഇടം നേടി. രാഹുലും ശ്രേയസും തിരിച്ചെത്തുന്നതോടെ സൂര്യകുമാറിനെകൂടി പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുക ബുദ്ധിമുട്ടാവും.

അതേസമയം, വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ തിളങ്ങിയ ചാഹലിന് പക്ഷെ അവസാന മത്സരങ്ങളില്‍ നിറം മങ്ങിയത് തിരിച്ചടിയായി. വിന്‍ഡീസില്‍ തിളങ്ങിയ കുല്‍ദീപ് യാദവ് സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തിയപ്പോള്‍ ഓള്‍ റൗണ്ട് മികവ് കൂടി കണക്കിലെടുത്ത് അക്സര്‍ പട്ടേലിനെ രണ്ടാം സ്പിന്നറായി സെലക്ടര്‍മാര്‍ ടീമിലെടുത്തു. രവീന്ദ്ര ജഡേജയാണ് മൂന്നാം ടീമിലെ മൂന്നാമത്തെ സ്പിന്നര്‍.

വിന്‍ഡീസില്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ അരങ്ങേറി അപൂര്‍വനേട്ടം സ്വന്തമാക്കുകയും മികച്ച പ്രകടനം രാഴ്ചവെക്കുകയും ചെയ്തെങ്കിലും ബുമ്രയും ഷമിയും സിറാജും നയിക്കുന്ന പേസ് പടയില്‍ മുകേഷ് കുമാറിന് ഇടം നേടാനായില്ല. അയര്‍ലന്‍ഡില്‍ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി.

ഇന്ത്യൻ ടീം- രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മന്‍ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, തിലക് വർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

റിസർവ് താരം – സഞ്ജു സാംസൺ

ഓഗസ്റ്റ് 30നാണ് ഏഷ്യാകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. സെപ്റ്റംബർ 2ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായുള്ള പ്രധാന ടൂർണമെന്റാണെന്നതും ഏഷ്യാ കപ്പിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.

Post a Comment

Previous Post Next Post