‘ഒടുവിൽ സത്യം വിജയിച്ചു, പിന്തുണക്കും സ്നേഹത്തിനും നന്ദി’; സുപ്രീംകോടതി വിധിക്കു പിന്നാലെ രാഹുലിന്റെ ആദ്യ പ്രതികരണം

(www.kl14onlinenews.com)
(Aug -04-2023)

‘ഒടുവിൽ സത്യം വിജയിച്ചു, പിന്തുണക്കും സ്നേഹത്തിനും നന്ദി’; സുപ്രീംകോടതി വിധിക്കു പിന്നാലെ രാഹുലിന്റെ ആദ്യ പ്രതികരണം

ഡൽഹി :
മാനനഷ്‌ടക്കേസിൽ സുപ്രീം കോടതി വിധിയോടെ താൽക്കാലിക ആശ്വാസമായ രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിക്കുകയാണ്. മോദി കുടുംബപ്പേരുമായി ബന്ധപ്പെട്ട് മാനനഷ്‌ടക്കേസിലാണ് ഗുജറാത്ത് കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്.

സത്യം വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയും അറിയിച്ചു. ഏത് സാഹചര്യത്തിലും രാജ്യത്തോടുള്ള കടമ തുടർന്നും നിർവഹിക്കും. മുന്നോട്ടുള്ള വഴികൾ സുവ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

"എന്തും വരട്ടെ, എന്റെ കടമ അതേപടി തുടരുന്നു. ഇന്ത്യ എന്ന ആശയം സംരക്ഷിക്കുകയാണ് അത്". നിർണായക വിധിയ്ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ് ഇങ്ങനെയായിരുന്നു. "എന്റെ പാത വ്യക്തമാണ്. ഞങ്ങളെ സഹായിച്ചവർക്കും ഞങ്ങളോടുള്ള പൊതുജനങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ട്" അദ്ദേഹം വിധിക്ക് പിന്നാലെ നടന്ന പത്രസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതി വിധിയോടെ രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിക്കാനാകും. ഉത്തരവിനെ കോൺഗ്രസ് നേതാക്കൾ സ്വാഗതം ചെയ്‌തു, ഡൽഹിയിലെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ആസ്ഥാനത്ത് എത്തിയ രാഹുലിന് വൻ സ്വീകരണമാണ് ലഭിച്ചത്.

വിധി ഭരണഘടന ഉയർത്തിപ്പിടിച്ചെന്നും, രാഹുലിനെ വേട്ടയാടുന്ന ബിജെപിയുടെ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ടുവെന്നും കോൺഗ്രസ് പറഞ്ഞു. സത്യം മാത്രം ജയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സുപ്രീം കോടതി വിധിയെ അഭിനന്ദിച്ചു കൊണ്ട് പ്രതികരിച്ചു.

ശ്രീ രാഹുൽ ഗാന്ധിക്ക് ആശ്വാസം നൽകിയ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് നീതി ലഭിച്ചു. ജനാധിപത്യം വിജയിച്ചു. ഭരണഘടന ഉയർത്തിപ്പിടിച്ചിരിക്കുന്നു. രാഹുൽ ഗാന്ധിയെ വേട്ടയാടുന്ന ബിജെപിയുടെ ഗൂഢാലോചന തുറന്നുകാട്ടപ്പെട്ടു," ഖാർഗെ തന്റെ പ്രസ്‌താവനയിൽ പറഞ്ഞു.

ഈ വര്‍ഷം മാര്‍ച്ച് 23 നാണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. തൊട്ടടുത്ത ദിവസം അദ്ദേഹത്തെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയിരുന്നു. വയനാട് മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.

Post a Comment

Previous Post Next Post