ലോകകപ്പ് മത്സരക്രമത്തിന് വീണ്ടും തിരുത്ത്? തുടര്‍ച്ചയായ കളികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന് ഹൈദരാബാദ് സിഎ

(www.kl14onlinenews.com)
(21-Aug-2023)

ലോകകപ്പ് മത്സരക്രമത്തിന് വീണ്ടും തിരുത്ത്? തുടര്‍ച്ചയായ കളികള്‍ക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന് ഹൈദരാബാദ് സിഎ
ഏകദിന ലോകകപ്പ് ആരംഭിക്കാന്‍ ഒന്നര മാസവും ടിക്കറ്റ് വില്‍പ്പന തുടങ്ങാന്‍ ഒരു ആഴ്ചയും ബാക്കി നില്‍ക്കെ മത്സരക്രമത്തില്‍ വീണ്ടും ആശങ്ക.

തുടര്‍ച്ചയായ ദിവസങ്ങളിലെ മത്സരങ്ങളില്‍ മാറ്റം ആവശ്യപ്പെട്ടുകൊണ്ട് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ (എച്ച് സി എ) ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യക്ക് (ബിസിസിഐ) കത്ത് നല്‍കി.

ഹൈദരാബാദിലെ രാജീവ് ഗാന്ധി ഉപ്പല്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 9-ന് ന്യൂസിലന്‍ഡ് – നെതര്‍ലന്‍ഡ്സ് മത്സരവും ഒക്ടോബര്‍ 10-ന് പാക്കിസ്ഥാന്‍-ശ്രീലങ്ക പോരാട്ടവുമാണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരം ഒക്ടോബര്‍ 12-നായിരുന്നു നിശ്ചയിച്ചിരുന്നത്. ഓക്ടോബര്‍ ആറിനുള്ള പാക്കിസ്ഥാന്‍-നെതര്‍ലന്‍ഡ്സ് മത്സരത്തിനും ഹൈദരാബാദാണ് ആതിഥേയത്വം വഹിക്കുന്നത്.

തുടര്‍ച്ചയായ മത്സരങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഹൈദരാബാദ് പൊലീസ് ആശങ്ക അറിയിച്ചതിനെ തുടര്‍ന്നാണ് എച്ച് സി എയുടെ നടപടി. പ്രത്യേകിച്ചും പാക്കിസ്ഥാന്റെ മത്സരങ്ങള്‍ നടക്കുന്നതിനാലാണിത്.

ഒക്ടോബര്‍ 5-നാണ് ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. ലോകകപ്പ് ആരംഭിക്കാന്‍ 100 ദിവസം മാത്രമുള്ളപ്പോഴായിരുന്നു വേദികള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും 12 മാസം മുന്‍പ് തന്നെ മത്സരക്രമവും വിവരങ്ങളും പുറത്ത് വിട്ടിരുന്നു.

ഇതിനിടോകം തന്നെ ലോകകപ്പിലെ ഒന്‍പത് മത്സരങ്ങള്‍ പുനഃക്രമീകരിക്കേണ്ടതായി വന്നു. ഏവരും ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഒക്ടോബര്‍ 15-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ചായിരുന്നു നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന ദിവസമായതിനാല്‍ ഒരു ദിവസം കൂടി നീട്ടിവയ്ക്കേണ്ടതായി വന്നു.

എച്ച് സി എയുടെ നിലവിലെ നടപടിയുടെ കാരണം വ്യക്തമല്ല. മത്സരക്രമം പുനഃക്രമീകരിച്ചപ്പോള്‍ എച്ച് സി എയുമായി ബിസിസിഐ ചര്‍ച്ച ചെയ്തില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസിന് അറിയാന്‍ കഴിഞ്ഞത്.

തുടര്‍ച്ചയായ മത്സരങ്ങളില്‍ സുരക്ഷയൊരുക്കുന്നതിലാണ് ഹൈദരാബാദ് പൊലീസ് ബുദ്ധിമുട്ടറിയിച്ചിരിക്കുന്നത്. പ്രത്യേകിച്ചും പാക്കിസ്ഥാന്റെ മത്സരത്തിന്. ഒരു മത്സരത്തിനായി ഏകദേശം മൂവായിരത്തോളം പൊലീസുകാരെയാണ് വിന്യസിക്കുന്നത്. ഇതിന് പുറമെ പാക്കിസ്ഥാന്‍ ടീമിന് പ്രത്യേകം സുരക്ഷയും ഒരുക്കേണ്ടതായുണ്ട്. നിലവിലെ മത്സരക്രമം പ്രകാരമാണെങ്കില്‍ പാക്കിസ്ഥാന്‍ – ശ്രീലങ്ക മത്സരത്തിന് ആവശ്യമായ സുരക്ഷയൊരുക്കാനാകില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

മത്സരക്രമത്തില്‍ ഇനിയൊരു മാറ്റത്തിന് ബിസിസിഐ തയാറാകുമൊയെന്നത് വ്യക്തമല്ല.

Post a Comment

Previous Post Next Post