(www.kl14onlinenews.com)
(31-Aug-2023)
തൃശൂര്‍ മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസില്‍ നാലു പേര്‍ അറസ്റ്റില്‍. മുളയം സ്വദേശി അഖില്‍ എന്ന യുവാവാണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്.
കുമ്മാട്ടി ആഘോഷത്തിനിടെ നൃത്തം ചെയ്യുമ്പോള്‍ ദേഹത്ത് തട്ടിയതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ അഖില്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അക്രമത്തില്‍ അഖിലിന്റെ സുഹൃത്തായ മുളയം സ്വദേശി ജിതിന്‍ എന്നൊരാള്‍ക്കും കുത്തേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസിലെ മറ്റ് രണ്ട് പ്രതികളായ ഇരട്ട സഹോദരങ്ങളായ വിശ്വജിത്തും ബ്രഹ്‌മജിത്തും ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇവര്‍ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ടവരാണെന്ന് പോലീസ് സൂചിപ്പിച്ചു. അഖില്‍ കുത്തേറ്റു വീഴുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കൊലപാതകത്തെത്തുടര്‍ന്ന് കുമ്മാട്ടി ഉത്സവം നിര്‍ത്തിവെച്ചിരുന്നു.
Post a Comment