(www.kl14onlinenews.com)
(Aug -09-2023)
അവിശ്വാസപ്രമേയ ചർച്ച പുരോഗമിക്കവേ സഭയിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ സഭയിൽ ഭരണപക്ഷ അംഗങ്ങൾ ബഹളം വയ്ക്കുന്നു. "സ്‌പീക്കർ സർ, എന്നെ ലോക്‌സഭയിലേക്ക് തിരിച്ചെടുത്തതിന് നന്ദി. ഞാൻ കഴിഞ്ഞ തവണ സംസാരിച്ചത് നിങ്ങളെ വേദനിപ്പിച്ചിരിക്കാം.. കാരണം ഞാൻ അദാനിയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ" രാഹുൽ ഗാന്ധി പറഞ്ഞു.
"ഇന്ന് ഞാൻ അദാനിയെക്കുറിച്ച് സംസാരിക്കില്ല" അദ്ദേഹം പറഞ്ഞു. വിഖ്യാത പേർഷ്യൻ കവി റൂമിയെ ഉദ്ധരിച്ച് അദ്ദേഹം ബിജെപിക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. തന്നെ സഭയിലേക്ക് തിരിച്ചെടുത്തതിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു പെൺകുട്ടി തനിക്ക് നൽകിയ കത്തും രാഹുൽ ഗാന്ധി ഓർത്തെടുത്തു. യാത്രയ്ക്കിടെ തനിക്ക് കരുത്ത് പകരാൻ ഒരുപാട് പേരുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു.
മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി മോദിയെ രാഹുൽ ഗാന്ധി കടന്നാക്രമിച്ചു. "ഞാൻ മണിപ്പൂരിലേക്ക് പോയി. പ്രധാനമന്ത്രി മോദി ഒരിക്കൽ പോലും അവിടെ പോയിട്ടില്ല. പ്രധാനമന്ത്രി മോദിയെ സംബന്ധിച്ച് മണിപ്പൂർ ഹിന്ദുസ്ഥാന്റെ ഭാഗമല്ല. മണിപ്പൂരിനെ പ്രധാനമന്ത്രി രണ്ടായി വിഭജിച്ചു." രാഹുൽ ഗാന്ധി ആരോപിച്ചു.
അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം ദിവസമായ ഇന്നാണ്, പാർലമെന്റിൽ തിരിച്ചെത്തിയ ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആദ്യമായി സഭയിൽ സംസാരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ വിഷയത്തിൽ മറുപടി നൽകുമെന്ന് പ്രതീക്ഷിക്കുന്ന വ്യാഴാഴ്‌ച വരെ അവിശ്വാസ ചർച്ച തുടരും.
Post a Comment