പ്രചാരണ ചൂടിൽ പുതുപ്പള്ളി; ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

(www.kl14onlinenews.com)
(16-Aug-2023)

പ്രചാരണ ചൂടിൽ പുതുപ്പള്ളി; ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയ്ക് സി തോമസ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. കോട്ടയം കളക്ടറേറ്റില്‍ വരണാധികാരിയായ ആര്‍ഡിഒയ്ക്ക് മുമ്പാകെ രാവിലെ 11 മണിക്കാണ് പത്രിക സമര്‍പ്പിക്കുക. ജയ്കിനെ ഇടത് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ അനുഗമിക്കുമെന്നാണ് വിവരം.

അതേസമയം ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങുകളുടെ മുപ്പതാം നാളാണ് ഇന്ന്. രാവിലെ പുതുപ്പള്ളി പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയ ശേഷമാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പ്രചാരണം തുടങ്ങുക.

അടുത്ത മാസം 5ന് ഉപതിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 18ന് സൂക്ഷമ പരിശോധന. 21ന് പത്രികകള്‍ പിന്‍വലിക്കാനുളള സമയം അവസാനിക്കും. അടുത്ത മാസം അഞ്ചാം തീയതി വോട്ടെടുപ്പും എട്ടിന് വോട്ടണ്ണലും നടക്കും.

കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ഉമ്മന്‍ ചാണ്ടിയ്ക്ക് അപ്പുറം ഒരാളെയും പുതുപ്പള്ളി പരിഗണിച്ചില്ല. ഓരോ തിരഞ്ഞെടുപ്പിലും ഉമ്മന്‍ ചാണ്ടിയ്ക്ക് ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായി എന്ന് മാത്രം. എന്‍ഡിഎ സ്ഥാനാര്‍ഥി ആരായാലും മണ്ഡലത്തിലെ ഏറ്റുമുട്ടല്‍ ഇടത്-വലത് മുന്നണികള്‍ തമ്മിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. സോളാര്‍ കേസും ഓർത്തഡോക്സ് -യാക്കോബായ സഭാ തര്‍ക്കവുമാണ് ഉമ്മന്‍ ചാണ്ടിയ്ക്ക് തിരിച്ചടിയായത്. പുതുപ്പള്ളിയില്‍ സോളാര്‍ കേസിനെ തരണം ചെയ്ത് ഉമ്മന്‍ ചാണ്ടി ജയിച്ച് കയറിയെങ്കിലും സോളാര്‍ കേസിന്റെ പേരില്‍ യുഡിഎഫിനു രണ്ടാം തവണയും കേരളത്തില്‍ അധികാര നഷ്ടം വന്നു.

ഇക്കുറി പ്രചാരണ വിഷയങ്ങള്‍ വ്യത്യസ്തമാണ്. വികസനം മുഖ്യ അജണ്ടയാക്കി മുന്നോട്ടു പോകാനാണ് ഇടത്-വലതു മുന്നണികളുടെ തീരുമാനം. ഉമ്മന്‍ ചാണ്ടിയുടെ അസുഖവും ചികിത്സയും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയത്. വികസന പ്രശ്നത്തില്‍ ഊന്നിയാണ് ഇടത്-വലതു മുന്നണികള്‍ പ്രചാരണം തുടങ്ങിയതെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സോളാറും ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാ പ്രശ്നങ്ങളും സഭാ പ്രശ്നങ്ങളും തന്നെ പ്രതിഫലിക്കാനാണ് കൂടുതല്‍ സാധ്യതകള്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ നടന്നത് പുതുപ്പള്ളിയില്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സിപിഎം ജാഗ്രത കാട്ടുന്നത്.

വികസനത്തിന്റെ പേരില്‍ സിപിഎമ്മും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടാനും തുടങ്ങിയിട്ടുണ്ട്. പക്ഷെ അടിത്തട്ടില്‍ സാമുദായിക വികാരം ശക്തമായി നിലനില്‍ക്കുന്നുമുണ്ട്. ഓര്‍ത്തഡോക്സ് ആയ ചാണ്ടി ഉമ്മന് എതിരെ  സിപിഎം നിര്‍ത്തിയ ജെയ്ക്.സി.തോമസ്‌ യാക്കോബായ പക്ഷമാണ്. യാക്കോബായ വോട്ടുകള്‍ ഒന്നടങ്കം ജെയ്ക്കിന് പിന്നില്‍ അണിനിരന്നപ്പോഴാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് തിരിച്ചടിയായത്. സോളാര്‍- സഭാ തര്‍ക്കങ്ങളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയാനും ഈ രണ്ടു പ്രശ്നങ്ങളാണ് കാരണമായത്.

ഇത്തവണ യാക്കോബായ സഭ വൈകാരിക അര്‍ത്ഥത്തിലാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കാണുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമുള്ള തിരഞ്ഞെടുപ്പില്‍  യാക്കോബായ സഭ ചാണ്ടി ഉമ്മനൊപ്പമാണ് എന്നാണ് സൂചന. കഴിഞ്ഞ തവണ യാക്കോബായ സഭ ഇടതുപക്ഷത്തിനൊപ്പം,  പിണറായി വിജയന് ഒപ്പമായിരുന്നു. ഇക്കുറിയും യാക്കോബായ സഭയെ ഒപ്പം നിര്‍ത്താനാണ് സിപിഎം ശ്രമം. ജെയ്ക്കിനെ സ്ഥാനാര്‍ഥിയാക്കിയത് തന്നെ ഇത് ലക്ഷ്യമാക്കിയാണ്. യാക്കോബായ സഭ ഒപ്പം നിന്നില്ലെങ്കില്‍ ഫലം എന്താവും എന്ന കാര്യത്തില്‍ സിപിഎമ്മിന് ആശങ്കകളുണ്ട്. 

ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനമായ ദേവലോകം അരമനയിലെത്തി ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷനെയും  എന്‍എസ്എസിന്റെ ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും ജെയ്ക് സന്ദര്‍ശിച്ചിട്ടുണ്ട്.  സഭാ-സാമുദായിക നേതാക്കളെ കാണാന്‍ സിപിഎം തയ്യാറാകുന്നു എന്നത് ശ്രദ്ധേയമാണ്. മറുവശത്ത് ചാണ്ടി ഉമ്മന്‍ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. സഭാതര്‍ക്കവും ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട  വിശുദ്ധന്‍ പദവി വിവാദങ്ങള്‍ ഉള്‍പ്പെടെ ഒന്നിനോടും പ്രതികരിക്കാന്‍ ചാണ്ടി ഉമ്മന്‍ തയ്യാറായിട്ടില്ല. വിജയം സുനിശ്ചിതം, ഭൂരിപക്ഷം മാത്രം എത്രയെന്ന് അറിഞ്ഞാല്‍ മതിയെന്ന രീതിയിലാണ് ചാണ്ടി ഉമ്മന് ഒപ്പമുള്ള യുഡിഎഫ്  നേതൃനിര മുന്നോട്ടു പോകുന്നതും

Post a Comment

Previous Post Next Post