ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണം;മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാഹുൽ ​ഗാന്ധി

(www.kl14onlinenews.com)
(16-Aug-2023)

ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണം;മുഖ്യമന്ത്രിക്ക് കത്ത് അയച്ച് രാഹുൽ ​ഗാന്ധി
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റില്‍ കുടങ്ങിയ കേസില്‍ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് അയച്ച് വയനാട് എംപി രാഹുല്‍ ഗാന്ധി. രണ്ടു ദിവസം മുന്‍പ് ഹര്‍ഷിന രാഹുല്‍ ഗാന്ധിയെ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

അശ്രദ്ധയുടെ അനന്തരഫലങ്ങള്‍ക്കൊപ്പം അഞ്ച് വര്‍ഷത്തിലേറെയായി ജീവിക്കുന്ന ഹര്‍ഷിനയുടെ അതികഠിനമായ വേദനയെക്കുറിച്ച് അറിഞ്ഞപ്പോള്‍ സങ്കടം തോന്നി. സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും 2 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മനസ്സിലാക്കുന്നു. എന്നാല്‍, ഈ കേസിന്റെ സാഹചര്യങ്ങളുടെ വെളിച്ചത്തില്‍ ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായും രാഹുല്‍ കത്തില്‍ പറഞ്ഞു.

ഹര്‍ഷിനയുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും മതിയായ നഷ്ടപരിഹാര തുക നല്‍കണമെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകരുത്. അതിന് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം. പരാതി പരിഹാരത്തിന് ഫലപ്രദമായ സംവിധാനം വേണം. ഇരകള്‍ നീതിക്ക് വേണ്ടി തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത് എന്നും രാഹുല്‍ കത്തില്‍ വ്യക്തമാക്കി.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കണ്ടെത്തിയത്. മെഡിക്കല്‍ കോളേജില്‍ നിന്ന് നേരിട്ട അനാസ്ഥയില്‍ തനിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് ഹർഷിന ഇന്ന് സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഏകദിന സത്യഗ്രഹ സമരം ആരംഭിച്ചു.

അതേസമയം,
16ന് സമരസമിതി സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2017ൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് കത്രിക ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയതെന്നായിരുന്നു അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശൻ നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ട് മെഡിക്കൽ ബോർഡ് തള്ളിയതിനെതിരെ പോലീസ് സംസ്ഥാന ഉന്നതതല അപ്പീൽ അതോറിറ്റിയെ സമീപിക്കും.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു 2017 ജനുവരി 27ന് 1.5 ടെസ്‌ല എംആർഐ സ്കാനിങ് നടത്തിയത്. ആ വർഷം നവംബർ 30ന് ആണ് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവം നടന്നത്. 2 ഡോക്ടർമാർ, 2 നഴ്സുമാർ, 2 അറ്റൻഡർമാർ എന്നിവരാണ് ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നത്.
ഇതിനു ശേഷം 5 വർഷത്തോളം കടുത്ത വേദനയും ആരോഗ്യ പ്രശ്നങ്ങളുമായി കഴിഞ്ഞ ഹർഷിനയുടെ വയറ്റിൽ നിന്ന് 2022 സെപ്റ്റംബർ 17ന് ആണ് ആർട്ടറിഫോർസെപ്സ് കണ്ടെടുത്തത്.Post a Comment

Previous Post Next Post