(www.kl14onlinenews.com)
(31-Aug-2023)
ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുളള തയ്യാറെടുപ്പിലാണ് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്‌വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ജി 20, സാമ്പത്തിക അസമത്വം മുതല്‍ കാലാവസ്ഥാ വ്യതിയാനം വരെയുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ നേതാക്കള്‍ക്ക് അവസരമൊരുക്കുന്ന ഒരു നിര്‍ണായക വേദിയാകും. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നീ ആശയത്തിലുളള ഉച്ചകോടി ഐക്യത്തെയും കൂട്ടായ പ്രവര്‍ത്തനത്തെയും അടിവരയിടുന്നു.
ഇന്ത്യയ്ക്ക്, അതിന്റെ സംഘടനാ വൈഭവം പ്രകടിപ്പിക്കാന്‍ മാത്രമല്ല, എല്ലാവരെയും ഉള്‍ക്കൊണ്ടുളള വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ള അജണ്ട നിശ്ചയിക്കാനും ഇത് അവസരമൊരുക്കുന്നു. ന്യൂഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന പരിപാടിയുടെ പ്രഗതി മൈതാനത്തെ വേദിക്ക് 'ഭാരത് മണ്ഡപം' എന്നാണ് പേരിട്ടിരിക്കുന്നത്.
സെപ്തംബര്‍ 7 ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉച്ചകോടിയ്ക്ക് തുടക്കം കുറിക്കും. അടുത്ത ദിവസം പങ്കെടുക്കുന്ന നേതാക്കളെല്ലാം എത്തും. പ്രസിഡന്റ് ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ച്ച സെപ്റ്റംബര്‍ 8 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ കൂടിക്കാഴ്ച്ചയുടെ അജണ്ട എന്താണെന്ന കാര്യം ഇപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. നേരത്തെയുളള ഇത്തരം കൂടിക്കാഴ്ച്ചകള്‍ ആതിഥേയരായ രാജ്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തിപരമായ സംഭാഷണങ്ങള്‍ നടത്താന്‍ അവസരം ഒരുക്കും. മറ്റ് നേതാക്കള്‍ കൂടി എത്തുന്നതോടെ തീവ്രമായ ചര്‍ച്ചകള്‍ക്കും കളമൊരുങ്ങും.
9-ന് ഭാരതമണ്ഡപത്തില്‍ എല്ലാ നേതാക്കള്‍ക്കും ഔദ്യോഗികമായി സ്വീകരണം നല്‍കിയാണ് പ്രധാന പരിപാടി ആരംഭിക്കുക. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' / 'വസുധൈവ കുടുംബകം' എന്ന ഇന്ത്യയുടെ പ്രമേയത്തെ ചുറ്റിപ്പറ്റി മൂന്ന് സെഷനുകളാണ് പരിപാടിയിലുണ്ടാകുക.
'വണ്‍ എര്‍ത്ത്' എന്ന് പേരിട്ടിരിക്കുന്ന ആദ്യ സെഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. ശേഷം നേതാക്കള്‍ തമ്മിലുള്ള ഔപചാരികവും അനൗപചാരികവുമായ ഉഭയകക്ഷി യോഗങ്ങളും നടക്കും. 'ഒരു കുടുംബം' എന്നാണ് രണ്ടാം സെഷന്റെ പേര്. ഭാരത് മണ്ഡപത്തിന്റെ മള്‍ട്ടിപര്‍പ്പസ് ഹാളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ആതിഥ്യം വഹിക്കുന്ന അത്താഴ വിരുന്നോടെയാകും ഈ ദിവസം അവസാനിക്കുക.
സമ്മേളനത്തില്‍ 350-400 അതിഥികള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇത് കേവലം ഒരു സാമൂഹിക സമ്മേളനമായിരിക്കില്ല, കോണ്‍ഫറന്‍സ് റൂമിന് പുറത്ത്, നേതാക്കള്‍ക്ക് ഇടപഴകാന്‍ കഴിയുന്ന അനൗപചാരിക നയതന്ത്രത്തിനുള്ള ഒരു ഇടം കൂടിയായിരിക്കും. ഉച്ചകോടിയുടെ അടുത്ത ദിവസം രാജ്ഘട്ട് സന്ദര്‍ശനത്തോടെ ആരംഭിക്കും. തുടര്‍ന്ന് ഭാരത് മണ്ഡപത്തിലെ ഉച്ചകോടി വേദിയില്‍ വൃക്ഷത്തൈ നടീല്‍ നടത്തും. മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിലേക്കുള്ള സന്ദര്‍ശനം ഉച്ചകോടിയുടെ വിശാലമായ മാനുഷിക ധാര്‍മ്മികതയെ പ്രതിഫലിപ്പിക്കുന്നു. ഭാരത് മണ്ഡപത്തിലെ വൃക്ഷത്തൈ നടീല്‍ സുസ്ഥിരതയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. 'വണ്‍ ഫ്യൂച്ചര്‍' എന്ന ശീര്‍ഷകത്തോടെ, ജി 20 പ്രസിഡന്റ് സ്ഥാനം ബ്രസീലിന് പ്രതീകാത്മകമായി കൈമാറി ഉച്ചകോടി അവസാനിക്കും. ഡിസംബര്‍ 1 ന് അത് ആരംഭിക്കും.
പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ പങ്കാളികള്‍ക്കായും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ ദിവസം (സെപ്റ്റംബര്‍ 9) അവര്‍ പൂസയിലെ കാര്‍ഷിക ഗവേഷണ സ്ഥാപനവും നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടും സന്ദര്‍ശിക്കും. കൂടാതെ അവിടെ ഷോപ്പിംഗിനും അവസരമൊരുക്കും.
'മില്ലറ്റ് മേഖലയില്‍ ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കാണാന്‍ അവര്‍ പൂസയിലെ കാര്‍ഷിക ഗവേഷണ സ്ഥാപനം സന്ദര്‍ശിക്കും. തുടര്‍ന്ന് ഇന്ത്യയുടെ കലാരൂപങ്ങള്‍, കൈത്തറി, തുണിത്തരങ്ങള്‍, എന്നിവയുടെ പ്രദര്‍ശനങ്ങള്‍ കാണാന്‍ അവര്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് സന്ദര്‍ശിക്കും. എന്നാല്‍ നേതാക്കള്‍ ബിസിനസ്സിലും വികസന പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും ' ജി20 യുടെ ചുമതലയുളള അമിതാഭ് കാന്ത് ഇന്ത്യാ ടുഡേയോട് പറഞ്ഞു. അടുത്ത ദിവസം (സെപ്റ്റംബര്‍ 10), നേതാക്കള്‍ സൈറ്റ് സന്ദര്‍ശിച്ച ശേഷം അവരുടെ ഭാര്യ/പങ്കാളികള്‍ രാജ്ഘട്ട് സന്ദര്‍ശിക്കും.
'ക്രാഫ്റ്റ്സ് ബസാര്‍' എന്ന് വിളിക്കപ്പെടുന്ന ജി20 ജോബ് ഫെയര്‍ അതിഥികളെ ഷോപ്പിംഗിന് സഹായിക്കും. 'ഇന്ത്യ - ജനാധിപത്യത്തിന്റെ മദര്‍' പ്രദര്‍ശനം 14-ാം ഹാളില്‍ സംഘടിപ്പിക്കും. ലീഡേഴ്സ് സോണ്‍, ജി20 സമ്മിറ്റ് ഹാള്‍, ലീഡേഴ്സ് ലോഞ്ച് എന്നിവ സജ്ജീകരിച്ചിട്ടുള്ള ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്നാണ് ആഗോള നേതാക്കളും അന്താരാഷ്ട്ര മാധ്യമങ്ങളും പ്രധാനമായും പ്രവര്‍ത്തിക്കുക.
വരാനിരിക്കുന്ന ഈ ജി20 ഉച്ചകോടിയില്‍, ലോക സമ്പദ്വ്യവസ്ഥയെയും കാലാവസ്ഥാ വ്യതിയാനത്തെയും മറ്റ് ആഗോള കാര്യങ്ങളെയും സ്വാധീനിക്കുന്ന സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ പുരോഗമനപരമായ ആഗോള സഹകരണത്തിനും ജനാധിപത്യ നിലപാടിനും ഈ ഉച്ചകോടി ഊന്നല്‍ നല്‍കും.
Post a Comment