(www.kl14onlinenews.com)
(July -29-2023)
ദുബായ്: ക്രീക്കിന്റെ അടിത്തട്ടിൽ കിടന്ന 820 ടൺ കപ്പൽ മാലിന്യം പുറത്തെടുത്ത് ദുബായ് മുനിസിപ്പാലിറ്റി. 9 തടി ബോട്ടുകളുടെയും വാണിജ്യ കപ്പലുകളുടെയും അവശിഷ്ടമാണ് പുറത്തെടുത്തത്. ഈ മാലിന്യങ്ങളിൽ 95 ശതമാനവും പുനഃസംസ്കരണ കേന്ദ്രത്തിലേക്കു മാറ്റും.
ദുബായ് കനാലുകളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്തു ശുചീകരിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടമാണ് പൂർത്തിയായത്. ദുബായിലെ കനാലിലെയും കടലിലെയും മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്തു വെള്ളത്തിന്റെ നിലവാരം ഉറപ്പാക്കുകയാണ് ലക്ഷ്യം. കാർബൺ പുറന്തള്ളൽ തടയുന്നതിന്റെ ഭാഗമായാണ് മാലിന്യങ്ങൾ സംസ്കരണ കേന്ദ്രങ്ങളിലേക്കു മാറ്റുന്നത്.
ശുചീകരണ ജോലികൾ തുടർ പ്രക്രിയയാണെന്ന് മുനിസിപ്പാലിറ്റി മാലിന്യ നിർമാർജന വിഭാഗം ഡയറക്ടർ സയീദ് അബ്ദുൽ റഹീം സഫർ പറഞ്ഞു. ദുബായ് ക്രീക്, ജദ്ദാഫ്, ദുബായ് വാട്ടർ കനാൽ, ബിസിനസ് ബേ കനാൽ, വാട്ടർ ഫ്രണ്ട് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷമാണ് മാലിന്യ നിർമാർജനം തുടങ്ങിയത്. അതിന്റെ ആദ്യ ഘട്ടമാണ് പൂർത്തിയാകുന്നത്. സമുദ്ര ജീവജാലങ്ങളുടെ സുരക്ഷയും പ്രകൃതി സംരക്ഷണവും ജനങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷവും ഉറപ്പാക്കുകയാണ് ഇതിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
കപ്പലുകൾക്കും ബോട്ടുകൾക്കും സുഗമമായ ജലപാത ഒരുക്കുകയാണ് കടൽ ശുചീകരണ പദ്ധതിയുടെ ആദ്യ ലക്ഷ്യം. ചരക്ക് നീക്കത്തിനും ഗതാഗതത്തിനും വിനോദ സഞ്ചാര ആവശ്യങ്ങൾക്കുമായി ഏറ്റവും സുരക്ഷിതമായ ജലപാത ഇതുവഴി സാധ്യമാക്കും. മത്സ്യ സമ്പത്തിനെയും കടൽ ജീവികളെയും മലിനീകരണത്തിൽ നിന്നു സംരക്ഷിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വ്യവസായ മാലിന്യങ്ങളാണ് കപ്പൽ അവശിഷ്ടങ്ങളിൽ നിന്നു ണ്ടാകുന്നത്.
എൻജിൻ പുറന്തള്ളുന്ന മാലിന്യത്തിനു പുറമെയാണിത്. ഇതുമൂലം തകരാറിലാകുന്നത് കടൽ സമ്പത്താണ്. ഈ ഭീഷണിയെ മറികടക്കുകയാണ് ശുചീകരണ പ്രവർത്തനങ്ങളിലൂടെ ചെയ്യുന്നത്. സർക്കാർ – സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ശുചീകരണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. തകർന്ന 3 കപ്പലുകളും ഒരു കടൽ ബോട്ടും ശുചീകരണത്തിനിടെ പുറത്തെടുത്തു. ഇതിനു മാത്രം 310 ടൺ ഭാരമുണ്ടായിരുന്നു.
ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പു വരുത്താനും പ്രത്യേക സംഘത്തെ മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്. ബോട്ടുകളും കപ്പലുകളും വീണ്ടെടുക്കുമ്പോൾ പാലിക്കേണ്ട ചട്ടങ്ങളും സുരക്ഷാ നടപടികളും ഈ സംഘം നിരീക്ഷിക്കും.
മുൻപ് കടലിൽ മുങ്ങിപ്പോയ 37 യാനങ്ങൾ ദുബായ് മുനിസിപ്പാലി വീണ്ടെടുത്തു കരയ്ക്കെത്തിച്ചിട്ടുണ്ട്. കപ്പലിൽ ഇന്ധനം കടലിൽ പരക്കുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഇത്തരം ഇടപെടലിലൂടെ ഒഴിവാക്കാനായെന്നും അധികൃതർ പറഞ്ഞു.
إرسال تعليق