(www.kl14onlinenews.com)
(July -06-2023)
അതിതീവ്ര മഴ തുടരും;
തിരുവനന്തപുരം :കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് അതിതീവ്രമഴയ്ക്കു സാധ്യത ഉള്ളതിനാൽ മഴ മുന്നറിയിപ്പിൽ കാലാവസ്ഥ വകുപ്പ് ഉച്ചയോടെ മാറ്റം വരുത്തി. രണ്ടു ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതിതീവ്രമഴ അപകടങ്ങൾ സൃഷ്ടിക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ വ്യാപകമായി ലഭിച്ച സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പാച്ചിൽ, താഴ്ന്ന പ്രദേശങ്ങളിലും നഗരങ്ങളിലും വെള്ളക്കെട്ട് എന്നിവ ഉണ്ടാകാൻ സാധ്യത ഉണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
അതിശക്തമായ മഴയ്ക്കു സാധ്യത പറയുന്ന ഇന്നത്തെ ഓറഞ്ച് അലർട്ടുകളിലും മാറ്റമുണ്ട്. 7 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇവ. ശക്തമായ പെയ്യുമെന്ന കരുതുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പ്രത്യേക മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്തു ശക്തമായ മഴ തുടരുമെന്ന മുന്നിറിയിപ്പിനിടെ ദുരിതത്തിൽ വലഞ്ഞ് ജനം. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഉയരുകയാണ്. കോട്ടയം–കുമരകം– ചേർത്തല റോഡിൽ ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറി ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. കോട്ടയം, ഏറ്റുമാനൂർ നഗരസഭയുടെ താഴ്ന്ന പ്രദേശങ്ങളിലേക്കും മീനച്ചിലാർ കരകവിഞ്ഞെത്തി.
കണ്ണൂരിൽ പഴശ്ശി ഡാമിന്റെ ഷട്ടറുകൾ 35 സെന്റിമീറ്റർ ഉയർത്തി. വയനാട് നൂൽപ്പുഴ പഞ്ചായത്തിൽ കല്ലൂർ പുഴ കരകവിഞ്ഞു. സമീപത്തെ പുഴങ്കുനി ആദിവാസി കോളനി ഒറ്റപ്പെട്ടു. കാസര്‍കോട് വീരമലക്കുന്നില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പാലക്കാട് മരം വീണ് അട്ടപ്പാടിയില്‍ വൈദ്യുതി ബന്ധം താറുമാറായി. കൊല്ലം, എറണാകുളം ജില്ലകളിൽ കടലാക്രമണം രൂക്ഷമാണ്. എറണാകുളം കണ്ണമാലിയിൽ മുന്നൂറിലധികം വീടുകളിൽ വെള്ളം കയറിയതോടെ നാട്ടുകാർ ദുരിതത്തിലായി. കനത്ത മഴയെ അവഗണിച്ച് ജനം പ്രതിഷേധത്തിനിറങ്ങി. കൊല്ലം ബീച്ചിന്റെ കൂടുതൽ ഭാഗങ്ങൾ കടലെടുത്തു, സംരക്ഷണ ഭിത്തികൾ തകർന്നു. തൃശൂർ രാമവർമപുരത്ത് വന്മരം കടപുഴകി വീണ് നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു. കുതിരാനു സമീപം മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിലെ വഴുക്കുംപാറ മേൽപ്പാതയിൽ കഴിഞ്ഞയാഴ്ച വിള്ളൽ രൂപപ്പെട്ടിടത്ത് വലിയ കുഴിയായി. ഈ ഭാഗത്തു ഗതാഗത നിയന്ത്രണം തുടരുകയാണ്.
Post a Comment