'ഞാൻ മാപ്പ് പറയുന്നു': മൂത്രമൊഴിച്ച സംഭവത്തിൽ ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ

(www.kl14onlinenews.com)
(July -06-2023)

'ഞാൻ മാപ്പ് പറയുന്നു': മൂത്രമൊഴിച്ച സംഭവത്തിൽ ആദിവാസി യുവാവിന്റെ കാൽ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ
മധ്യപ്രദേശിലെ സിധി ജില്ലയിൽ ആദിവാസി തൊഴിലാളിയുടെ മുഖത്ത് ബിജെപി പ്രവർത്തകൻ മൂത്രമൊഴിച്ച സംഭവത്തിൽ യുവാവിനോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അദ്ദേഹത്തിന് ആദരസൂചകമായി ശിവരാജ് സിംഗ് ചൗഹാൻ തൊഴിലാളിയായ ദഷ്മേഷ് റാവത്തിന്റെ കാൽ കഴുകി. സംഭവത്തിൽ മുഖ്യമന്ത്രി ദശ്‌മേഷ് റാവത്തിനോട് മാപ്പും പറഞ്ഞു. തൊഴിലാളിയുടെ പാദങ്ങൾ കഴുകുന്ന ചിത്രങ്ങൾ ശിവരാജ് സിംഗ് ചൗഹാന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു.

സിധി ജില്ലയിലെ തൊഴിലാളിയുടെ മേൽ മൂത്രമൊഴിച്ചതിനെ തുടർന്ന് ബുധനാഴ്ച രാത്രി പ്രവേഷ് ശുക്ല എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു.

അതേസമയം, വീഡിയോ ശ്രദ്ധയിൽപ്പെട്ട ശിവരാജ് സിംഗ് ചൗഹാൻ, പ്രതികളെ വെറുതെ വിടില്ലെന്നും അവർക്ക് "കർക്കശമായ ശിക്ഷ" നൽകുമെന്നും പറഞ്ഞു. സംഭവത്തെ തുടർന്ന് ശുക്ലയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ ഭാഗങ്ങൾ മധ്യപ്രദേശ് സർക്കാർ ബുധനാഴ്ച പൊളിച്ചുനീക്കി. വീഡിയോ കണ്ടപ്പോൾ താൻ വല്ലാതെ അസ്വസ്ഥമാവുകയും കണ്ണ് നിറയുകയും ചെയ്തതായി മുഖ്യമന്ത്രി ബുധനാഴ്ച പറഞ്ഞു. ഇരയെയും കുടുംബത്തെയും ഭോപ്പാലിൽ ചെന്ന് കാണുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 294 (അശ്ലീല പ്രവൃത്തികൾ), 504 (സമാധാന ലംഘനത്തെ പ്രകോപിപ്പിക്കാൻ മനഃപൂർവം അപമാനിക്കൽ) എന്നീ വകുപ്പുകൾ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരവും പ്രവേഷ് ശുക്ലയ്‌ക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) പ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post