(www.kl14onlinenews.com)
(July -07-2023)
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ 52,000 കോടി രൂപ ചെലവഴിക്കുമെന്നു കര്‍ണാടക. നിയമസഭയില്‍ തന്റെ 14-ാം ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്. 1.3 കോടി കുടുംബങ്ങള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നാണു സര്‍ക്കാരിന്റെ അവകാശവാദം.
2023-24 സാമ്പത്തിക വര്‍ഷത്തേക്കായി 3.27 ലക്ഷം കോടിയുടെ ബജറ്റാണു സിദ്ധരാമയ്യ അവതരിപ്പിച്ചത്. എല്ലാ വീട്ടിലും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുന്ന ഗൃഹ ജ്യോതി, എല്ലാ കുടുംബനാഥകള്‍ക്കും മാസം തോറും 2000 രൂപ നല്‍കുന്ന ഗൃഹ ലക്ഷ്മി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 10 കിലോ സൗജന്യ അരി നല്‍കുന്ന അന്ന ഭാഗ്യ, ബിരുദധാരികളായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് മാസം തോറും 3000 രൂപയും തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപയും നല്‍കുന്ന യുവനിധി, സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ഉചിത പ്രയാണ എന്നീ പദ്ധതികളായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.
പാര്‍ട്ടിയുടെ 5 വാഗ്ദാനങ്ങള്‍ കര്‍ണാടകയില്‍ മികച്ച വിജയം നേടാന്‍ സഹായിച്ചെന്നാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. 224 അംഗ നിയമസഭയില്‍ 135 സീറ്റ് നേടിയാണ് ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ് ഭരണം പിടിച്ചത്. ”ഇപ്പോഴത്തെ പ്രഖ്യാപനങ്ങളൊന്നും സൗജന്യങ്ങളല്ല. വികസനത്തിന്റെ ഫലങ്ങള്‍ പാവങ്ങളുമായി പങ്കുവയ്ക്കുകയാണ്”- സിദ്ധരാമയ്യ വിശദീകരിച്ചു. 14 ബജറ്റുകള്‍ അവതരിപ്പിച്ച് ധനമന്ത്രിയെന്ന നിലയില്‍ പുതിയ റെക്കോര്‍ഡും സിദ്ധരാമയ്യ സ്വന്തമാക്കി
Post a Comment