(www.kl14onlinenews.com)
(July -08-2023)
ഏക സിവില്‍കോഡിനെതിരെ മതമൗലികവാദികളല്ലാത്ത എല്ലാവരുമായും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഏകസിവില്‍ കോഡില്‍ മുസ്ലിം ലീഗിനെ ക്ഷണിച്ചത് പ്രശ്‌നാധിഷ്ഠിത ക്ഷണമാണെന്നും അത് രാഷ്ട്രീയമായി കൂട്ടിക്കെട്ടേണ്ട കാര്യമില്ല എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിലപാടില്‍ വ്യക്തതയില്ലെന്നും ലീഗ് എടുക്കുന്ന ശരിയായ നിലപാടിനെ എന്നും സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഏക സിവില്‍ കോഡില്‍ സിപിഎം നടത്തുന്ന ദേശീയ സെമിനാറില്‍ സമസ്ത അംഗത്തിന്റെ പേര് വന്നത് ചര്‍ച്ചയാവുകയാണ്. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയെയാണ് വൈസ് ചെയര്‍മാന്‍മാരുടെ പട്ടികയില്‍ സിപിഎം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ മാസം 15ന് കോഴിക്കോട്ടാണ് സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍. എന്നാല്‍ ഇത് വിവാദമാക്കേണ്ടെന്നാണ് സിപിഎം വിശദീകരണം. കെപി രാമനുണ്ണിയാണ് സംഘടാക സമിതി ചെയര്‍മാന്‍. എല്ലാ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. സമസ്ത സിപിഎമ്മിനോട് അടുക്കുന്നു എന്ന വിലയിരുത്തലുകള്‍ക്കിടെ സിപിഎം നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലീഗിനും ക്ഷണം നല്‍കിയിട്ടുണ്ടെന്നും സിപിഎം വിശദീകരിക്കുന്നു.
തന്റെ പേര് എങ്ങനെ വന്നു എന്നതിനെ കുറിച്ച് അറിയില്ല എന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി. സമസ്ത എടുക്കുന്ന നിലപാടിന് ഒപ്പം നില്‍ക്കും. സിവില്‍ കോഡുമായി ബന്ധപ്പെട്ട പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ടെന്ന് നേരത്തെ ഇടതു നേതാക്കള്‍ പറഞ്ഞിരുന്നു. സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment