അബ്ദുന്നാസിർ മഅ്ദനിക്ക് ജാമ്യവ്യവസ്ഥയിലെ ഇളവ് നീതിയുടെ വിജയം- പി.ഡി.പി

(www.kl14onlinenews.com)
(July -17-2023)

അബ്ദുന്നാസിർ മഅ്ദനിക്ക്
ജാമ്യവ്യവസ്ഥയിലെ ഇളവ് നീതിയുടെ വിജയം- പി.ഡി.പി
പി.ഡി.പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിക്ക് സുപ്രീം കോടതി നൽകിയ ജാമ്യവ്യവസ്ഥയിലെ ഇളവ് വൈകിയാണെങ്കിലും നീതി ലഭ്യമാകും എന്ന അചഞ്ചലമായ വിശ്വാസവും പ്രതീക്ഷയുമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന് പി.ഡി.പി. കേന്ദ്രകമ്മിറ്റി. അന്യായമായി പ്രതിചേര്‍ക്കപ്പെട്ട കേസില്‍ തന്റെ നിരപരാധിത്വം ഭരണകൂടത്തെയും കോടതികളെയും പൊതുസമൂഹത്തേയും ബോധ്യപ്പെടുത്തുന്നതിനായി മഅ്ദനി നടത്തിക്കൊണ്ടിരിക്കുന്ന നിയമ പോരാട്ടം സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ നീതിന്യായ ചാരിത്രത്തിലെ വളരെ നീണ്ട അധ്യായമാണ് . ഒരു പൗരൻ വിചാരണ തടവുകാരനായി കഴിഞ്ഞ രണ്ടര പതിറ്റാണ്ടോളം അനുഭവിച്ചു വന്ന മനുഷ്യത്വരഹിതമായ വ്യവസ്ഥിതികളുടെ വേട്ടയാടലില്‍ നിന്ന് വളരെ വൈകിയാണെങ്കിലും ആശ്വാസകരമായ ഒരു വിധി ലഭ്യമായി എന്നത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങളിലും നിയമസംഹിതയിലും അവശേഷിക്കുന്ന പ്രതീക്ഷകളുടെ പ്രതിഫലനം കൂടിയാണ്.
ഫാസിസ്റ്റ് ഭരണകൂടങ്ങൾ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഭരണഘടനയെയും കോടതികളിൽ ഉള്ള വിശ്വാസത്തെയും സംരക്ഷിച്ചു നിലനിർത്തേണ്ട ബാധ്യത ഓരോ പൗരനും ഉണ്ട് എന്നത് ഓർമ്മപ്പെടുത്തുന്നതാണ് മഅ്ദനിയുടെ നിയമ പോരാട്ടം. നീതിനിഷേധം ഒരു തുടര്‍ക്കഥ പോലെ വേട്ടയാടിയിട്ടും നിയമത്തെ വെല്ലുവിളിച്ചോ ജനങ്ങളുടെ സമാധാന ജീവിതത്തിന് പ്രയാസകരമാകുന്ന എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലോ മഅ്ദനിയോ പി.ഡി.പി.പ്രവര്‍ത്തകരോ ഇടപെട്ടിരുന്നില്ല എന്നത് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയഭൂമികയിലെ മാതൃകാപരമായ പോരാട്ടമായിരുന്നുവെന്ന് വൈസ്ചെയര്‍മാന്‍ അഡ്വ.മുട്ടം നാസറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അടിയന്തിര കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി.
നാളിതുവരെയായി അദ്ദേഹത്തിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അണി ചേരുകയും പിന്തുണയ്ക്കുകയും ചെയ്ത കേരള , കര്‍ണാടക സര്‍ക്കാരുകള്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ മനുഷ്യാവകാശ പ്രവർത്തകർക്കും കേരളീയ പൊതുസമൂഹത്തിനും നന്ദി രേഖപ്പെടുത്തുന്നതായി പി.ഡി.പി.കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Post a Comment

Previous Post Next Post