(www.kl14onlinenews.com)
(July -15-2023)
പ്രായപൂര്‍ത്തിയാകാത്ത മകന്‍ രണ്ട് സുഹൃത്തുക്കളെയും ഒപ്പമിരുത്തി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്ക്ക് പിഴ ശിക്ഷ. 25000 രൂപയാണ് പിഴ. ഇത് അടച്ചില്ലെങ്കില്‍ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണം. തൃശൂര്‍ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്‌കൂട്ടര്‍ ഓടിച്ചത്. സ്‌കൂട്ടറിന്റെ ഉടമ അമ്മയായതിനാലാണ് പിഴ ശിക്ഷ അമ്മയ്ക്ക് ലഭിച്ചത്. അച്ഛനെ കോടതി വെറുതെ വിട്ടു.
മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ അടിസ്ഥാനമാക്കി തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ടി മഞ്ജിത്താണ് വിധി പ്രസ്താവിച്ചത്. ഈ വര്‍ഷം ജനുവരി 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂട്ടര്‍ ഓടിച്ച കുട്ടിയുടെ തലയില്‍ മാത്രമാണ് ഹെല്‍മറ്റ് ഉണ്ടായിരുന്നത്. മറ്റു കുട്ടികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അമിത വേഗത്തില്‍, അപകടകരമായ രീതിയിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികള്‍ സ്‌കൂട്ടറുമായി മോട്ടോര്‍ വാഹന വകുപ്പ് സംഘത്തിന്റെ മുന്നില്‍ പെട്ടതോടെയാണ് സംഭവത്തില്‍ കേസെടുത്തത്. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്.
Post a Comment