(www.kl14onlinenews.com)
(July -01-2023)
മഹാരാഷ്ട്രയിലെ സമൃദ്ധി മഹാമാർഗ് എക്‌സ്പ്രസ് വേയിൽ ബസിനു തീപിടിച്ച് 25 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യവത്മാലിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
“ബസിൽ നിന്ന് 25 മൃതദേഹങ്ങൾ പുറത്തെടുത്തു. ആകെ 33 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. 6-8 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബുൽദാന സിവിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ്."- ബുൽധാന പോലീസ് ഡെപ്യൂട്ടി എസ്പി ബാബുറാവു മഹാമുനി പറഞ്ഞു. ബസിന്റെ ഡ്രൈവർ സുരക്ഷിതനാണെന്ന് ബുൽധാന എസ്പി സുനിൽ കടസാനെ അറിയിച്ചു.
"ബസിൽ ആകെ 33 പേർ യാത്ര ചെയ്തിരുന്നു, അതിൽ 25 പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ ഡ്രൈവറും രക്ഷപ്പെട്ടു, ടയർ പൊട്ടി ബസ് മറിഞ്ഞു,ഇതോടെ ബസിനുള്ളിൽ തീ പടർന്നു,"- സുനിൽ കടസാനെ പറഞ്ഞു.
ബസ് വാതിലിന്‍റെ വശത്തേക്ക് മറിഞ്ഞതാണ് അപകടത്തിന്‍റെ വ്യാപ്തി വർദ്ധിപ്പിച്ചത്. ബസ് മറിഞ്ഞതിന് പിന്നാലെ അത് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം കൂടുതൽ യാത്രക്കാരും ബസിനുള്ളിൽ അകപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അഗ്നിരക്ഷാസേനയും ഉടൻ തന്നെ സ്ഥലത്തെത്തി.
Post a Comment