'വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല'; തെളിവില്ലെന്ന് ആരോഗ്യമന്ത്രി പോലും പറഞ്ഞു, അത് തെളിഞ്ഞല്ലോ: വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന പറയുന്നു

(www.kl14onlinenews.com)
(July -24-2023)

'വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല';
തെളിവില്ലെന്ന് ആരോഗ്യമന്ത്രി പോലും പറഞ്ഞു, അത് തെളിഞ്ഞല്ലോ: വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന പറയുന്നു

കോഴിക്കോട്: ‘അഞ്ച് വർഷം അനുഭവിച്ചത് ചെറുതല്ല, വേദനകൾക്കും അനുഭവിച്ചതിനും ആരോടും പരിഹാരം ചോദിക്കുന്നില്ല. പക്ഷേ, ഈ ഒറ്റ കാര്യം കൊണ്ട് സാമ്പത്തിക നഷ്ടങ്ങൾ ഒരുപാടുണ്ടായി, അതിന് അർഹതപ്പെട്ട മാന്യമായ നഷ്ടപരിഹാരം തന്നേ പറ്റൂ’. പന്തീരാങ്കാവ് മണക്കടവ് സ്വദേശിനി കെകെ ഹർഷിനയുടെ വാക്കുകൾ.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ എന്ന പൊലീസ് അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഹർഷിനയുടെ പ്രതികരണം.

ഇതിൽ പ്രതിയില്ലെന്നാണ് ഇത്രയും നാൾ പറഞ്ഞു കൊണ്ടിരുന്നത്. മെഡിക്കൽ കോളേജിന്റേതല്ല കത്രിക എന്നാണ് പറഞ്ഞത്, ഇത് എവിടെ നിന്ന് വന്നു എന്നതിന് തെളിവില്ല. ആരോഗ്യമന്ത്രി വന്നപ്പോൾ പോലും അങ്ങനെയാണ് സംസാരിച്ചത്. അത് തെളിയിക്കുക എന്നതായിരുന്നു ആദ്യത്തേത്. അത് തെളിഞ്ഞല്ലോ. ഇനി പൂർണമായും തെളിഞ്ഞുവരുമെന്നാണ് പ്രതീക്ഷ. അതിനു ശേഷം വാക്ക് തന്നവർ പാലിക്കട്ടേ.

പൂർണമായ നടപടിയും പൂർണമായ നീതിയും ലഭിച്ചതിനു ശേഷമേ സമരം നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുള്ളൂ. പൊലീസ് അന്വേഷണ റിപ്പോർട്ട് നിഷേധിക്കാൻ ആരോഗ്യവകുപ്പിനാകില്ല. പൂർണമായും സത്യമായ കാര്യങ്ങളാണ് താൻ പറഞ്ഞത്.

ഇങ്ങനൊരു അവസ്ഥ ഇനിയൊരാൾക്കും ഉണ്ടാകരുത്. ചെറിയൊരു സമയത്തെ അശ്രദ്ധ കൊണ്ട് മനുഷ്യൻ എത്രത്തോളം ദുരന്തം അനുഭവിക്കുമെന്ന് ഒരോ സർജറി ടേബിളിൽ എത്തുമ്പോഴും ഡോക്ടർമാർ ഓർക്കണം. അത്രത്തോളം അനുഭവിച്ച ആളാണ് ഞാൻ. മരണം വരെ സംഭവിച്ചേക്കാമായിരുന്നു. മെഡിക്കൽ നെഗ്ലിജൻസിന് ഇരയാകുന്നവരെ സംരക്ഷിക്കാനുള്ള നിയമം എത്രയും പെട്ടെന്ന് സർക്കാർ കൊണ്ടുവരണമെന്നും ഹർഷിന പറഞ്ഞു.

ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയിൽ നടപടി ആവശ്യപ്പെട്ട് ഹർഷിനയുടെ സമരം 65 ദിവസമായി തുടരുകയാണ്. വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ഷിന ഉന്നയിക്കുന്നത്.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിൽ എന്നാണ് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. രണ്ട് ഡോക്ടർമാരും രണ്ട് നഴ്സുമാരും കുറ്റക്കാരെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഹർഷിനയുടെ പരാതിയിൽ പൊലീസ് അന്വേഷണവും പൂർത്തിയായി. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.സുദർശനാണ് അന്വേഷണം നടത്തിയത്.

വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല, നടപടി വേണം; വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന പറയുന്നു

പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ പൂർണമായ നീതി കിട്ടുംവരെ സമരം തുടരുമെന്ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന. തനിക്കുണ്ടായ അനുഭവം ഇനിയൊരാൾക്കും ഉണ്ടാവരുത്. വാഗ്ദാനങ്ങൾ കൊണ്ട് പിന്മാറില്ല, നടപടിയാണ് വേണ്ടതെന്നും ഹർഷിന പറഞ്ഞു.

നീതി തേടി കഴിഞ്ഞ 65 ദിവസമായി ഹർഷിന സമരം തുടരുകയാണ്. ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയിൽ നീതി ആവശ്യപ്പെട്ടാണ് ഹർഷിനയുടെ സമരം. കത്രിക കുടുങ്ങിയ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി എടുക്കുക, മതിയായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ഷിന ഉന്നയിക്കുന്നത്.

വീട്ടമ്മയായ തന്നെ തെരുവിൽ സമരം ചെയ്യുന്നതിലേക്ക് വലിച്ചിഴച്ചു. തുച്ഛമായ നഷ്ടപരിഹാരം തന്ന് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചു. നഷ്ടപരിഹാരം പര്യാപ്തമല്ലെന്ന് തന്നവർക്കും അറിയാം. പൊലീസ് അന്വേഷണ റിപ്പോർട്ട് വന്നതോടെ താൻ പറഞ്ഞതിൽ ഒരു ശതമാനം പോലും കള്ളമില്ലെന്ന് തെളിഞ്ഞുവെന്നും ഹർഷിന പറ‍ഞ്ഞു.

തക്കതായ നഷ്ടപരിഹാരം കിട്ടുന്നത് വരെ സമരം തുടരുമെന്നും ഹർഷിന വ്യക്തമാക്കി. മെഡിക്കൽ ബോർഡിൽ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നും ഹർഷിന പറഞ്ഞു.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയയിലാണെന്ന പൊലീസ് റിപ്പോർട്ട് ഇന്ന് പുറത്തു വന്നിരുന്നു. സംഭവത്തിൽ രണ്ട് ഡോക്ടർമാരും രണ്ട് നഴ്സ്സുമാരും കുറ്റക്കാരാണെന്നും പൊലീസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് ഹര്‍ഷിന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ചികിത്സ തേടിയത്. മൂന്നാമത്തെ പ്രസവമായിരുന്നു. സേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എട്ട് മാസം മുമ്പ് നടത്തിയ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

ഹര്‍ഷിനക്ക് രണ്ട് ലക്ഷം രൂപ ധന സഹായം നൽകാനായിരുന്നു സർക്കാർ തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ തനിക്ക് വേണ്ടെന്നും അഞ്ച് വര്‍ഷം അനുഭവിച്ച വേദനക്കും ചികിത്സാ ചെലവുകള്‍ക്കും രണ്ട് ലക്ഷം വിലയിട്ടത് തന്നെ അവഹേളിക്കലാണെന്നുമായിരുന്നു ഹർഷിനയുടെ പ്രതികരണം.

Post a Comment

Previous Post Next Post