ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജി സർവേ ബുധനാഴ്ച വരെ തടഞ്ഞ് സുപ്രീംകോടതി

(www.kl14onlinenews.com)
(July -24-2023)

ഗ്യാൻവാപി പള്ളിയിലെ ആർക്കിയോളജി സർവേ ബുധനാഴ്ച വരെ തടഞ്ഞ് സുപ്രീംകോടതി
ഡൽഹി: ഉത്തർപ്രദേശിലെ ​ഗ്യാൻവാപി മസ്ജിദിലെ പുരാവസ്തു വകുപ്പ് സർവേക്ക് സുപ്രീം കോടതി സ്റ്റേ. ബുധനാഴ്ച 5 മണി വരെ സർവേ നടത്തരുതെന്ന് ഉത്തരവിൽ കോടതി പറഞ്ഞു. ഇന്ന് രാവിലെയാണ് ഗ്യാൻവാപി മസ്ജിദിൽ ശാസ്ത്രീയ പരിശോധന ആരംഭിച്ചത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലധാര ഒഴിവാക്കിയാണ് പരിശോധന നടന്നിരുന്നത്. വാരാണസി ജില്ലാകോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർവേ. നാല് സ്ത്രീകളുടെ ഹർജി പരിഗണിച്ചാണ് വാരണാസി ജില്ലാ കോടതി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

മസ്ജിദ് സമുച്ചയത്തിന്റെ സർവേ സംബന്ധിച്ച വാരണാസി ജില്ലാ കോടതി ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ ​ഗ്യാൻവാപി മാനേജ്മെന്റ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ജില്ലാ കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് ജൂലൈ 26 വരെ സമയം നൽകുന്നെന്നും അതുവരെ സ്ഥലത്ത് തൽസ്ഥിതി തുടരട്ടെ എന്നും കോടതി പറഞ്ഞു.

ശിവലിം​​ഗം കണ്ടെത്തിയെന്ന് പറയുന്ന സ്ഥലത്ത് കാർബൺ ഡേറ്റിം​ഗ് പരിശോധന സുപ്രീം കോടതി മുൻപ് തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പള്ളി മുഴുവനായി പരിശോധിക്കണമെന്ന ആവശ്യവുമായി നാല് സ്ത്രീകൾ ജില്ലാ കോടതിയെ സമീപിച്ചത്. പരിശോധനയോടനുബന്ധിച്ച് പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പുരാവസ്തു വകുപ്പ് ഉദ്യോ​ഗസ്ഥരും ഹർജിക്കാരായ സ്ത്രീകളും അഭിഭാഷകരും ഉൾപ്പെടെ 40ഓളം പേരാണ് പരിശോധനക്ക് എത്തിയത്.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പള്ളിയിൽ വീഡിയോഗ്രാഫിക് സർവേ നടത്തിയിരുന്നു. തുടർന്ന് പള്ളിയിൽ ശിവലിം​ഗം കണ്ടെത്തിയെന്ന് അവകാശപ്പെട്ടാണ് ക്ഷേത്രം പണിയണമെന്ന ആവശ്യവുമായി ഒരു വിഭാ​ഗം രംഗത്തെത്തിയത്. 2021 ആ​ഗസ്റ്റിലാണ് ​ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകൾ വാരണാസി കോടതിയിൽ കേസ് ഫയൽ ചെയ്തത്.

Post a Comment

Previous Post Next Post