ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി മക്കളുടെ പഠിപ്പ് നിർത്തി, സ്‌കൂളിൽ പോകണമെന്ന് പറഞ്ഞപ്പോൾ ക്രൂര മർദ്ദനം

(www.kl14onlinenews.com)
(July -14-2023)

ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം പോയ യുവതി മക്കളുടെ പഠിപ്പ് നിർത്തി, സ്‌കൂളിൽ പോകണമെന്ന് പറഞ്ഞപ്പോൾ ക്രൂര മർദ്ദനം

പാലക്കാട്: ചാലിശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അമ്മയും കാമുകനും മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെരുമ്പിലാവ് മുളങ്ങത്ത് വീട്ടിൽ ഹഫ്ന (38), ഇവർക്കൊപ്പം താമസിക്കുന്ന കപ്പൂർ പള്ളംങ്ങാട്ട്ചിറ ചെമ്പലക്കര വീട്ടിൽ മുഹമ്മദ് ഷബീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പോലീസിന്റേതാണ് നടപടി. ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന ഹഫ്ന കുട്ടികളുമായി കാമുകനൊപ്പമാണ് കഴിഞ്ഞിരുന്നത്. ഒരു വാടക വീടെടുത്ത് അതിൽ താമസിച്ചു വരവേയാണ് കുട്ടികൾ ക്രൂരമായ മർദ്ദനത്തിന് ഇരയായതെന്നാണ് പുറത്തു വരുന്ന വിവരം.

ഹഫ്നയും കാമുകനും കുട്ടികളെ സ്കൂളിൽ പോകാൻ സമ്മതിച്ചിരുന്നില്ല. പഠിച്ചതു മതിയെന്നും ഇനി ജോലി ചെയ്താണ് ജീവിക്കേണ്ടതെന്നുമാണ് യുവതിയും കാമുകനും കുട്ടികളോട് പറഞ്ഞിരുന്നത്. സ്കൂളിൽ പോകണമെന്ന് കുട്ടികൾ ആവശ്യപ്പെടുമ്പോഴൊക്കെ യുവതി കാമുകനൊപ്പം ചേർന്ന് കുട്ടികളെ മർദ്ദിക്കാറുണ്ടെന്നുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു. ഇനി പഠിക്കേണ്ടെന്നും വീട്ടുജോലികൾ ചെയ്തു പഠിച്ചാൽ മതിയെന്നും ഹഫ്ന കുട്ടികളോട് പറഞ്ഞിരുന്നു എന്നാണ് വിവരം.

ഭർത്താവ് കുട്ടികളെ കാണാതിരിക്കാൻ വേണ്ടിയാണ് ഹഫ്ന കുട്ടികളെ തനിക്കും കാമുകനുമൊപ്പം താമസിപ്പിച്ചതെന്നാണ് വിവരം. സ്കുളിൽ പോകാൻ സമ്മതിക്കാതെ കുട്ടിളെ രാവിലെ മുതൽ വീട്ടുജോലികൾ ചെയ്യിപ്പിക്കുന്നതു മൂലം കുട്ടികൾ ആരോഗ്യപരമായും ക്ഷീണിച്ചിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ കുട്ടികളെക്കൊണ്ട് ഹഫ്നയും ഭർത്താവും വീട്ടുജോലികൾ ചെയ്യിപ്പിച്ചിരുന്നു. കുട്ടികൾ തളർന്നപ്പോൾ ജോലി മതിയാക്കിയെങ്കിലും ഹഫ്ന കുട്ടികളെക്കൊണ്ട് വീണ്ടും ജോലിചെയ്യിപ്പിക്കാനായി ശ്രമിച്ചു. ഇതോടെ കുട്ടികൾ എതിർത്തു. ഇതിനെത്തുടർന്ന് ഹഫ്നയും കാമുകനും കൂടെ കുട്ടികളെ കട്ടിലിൻ്റെ കാലിൽ കെട്ടിയിട്ടു.

കെട്ടിയിട്ട കുട്ടികളെ മെബെെൽ ഫോണിൻ്റെ ചാർജർ ഉപയോഗിച്ച് ഇരുവരും മർദ്ദിക്കുകയും ചെയ്തു. അമ്മയുടേയും മുഹമ്മദ് ഷബീറിൻ്റെയും പീഡനം അസഹ്യമായതോടെ കുട്ടികൾ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ അടുത്തു നിന്ന് രക്ഷപ്പെട്ട കുട്ടികൾ ഹഫ്നയുടെ കുടുംബ വീട്ടിലാണ് എത്തിയത്. അവിടെ ബന്ധുക്കളോട് കുട്ടികൾ വിവരം പറയുകയായിരുന്നു. ഇതോടെ ബന്ധുക്കൾ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം. ഹഫ്നയുടെ ബന്ധുക്കൾ കുട്ടികളോടൊപ്പം സ്റ്റേഷനിൽ എത്തി പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Post a Comment

Previous Post Next Post