റോഡിന് മധ്യത്തിൽ വാഹനം നിർത്തരുതെന്ന കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്

(www.kl14onlinenews.com)
(July -08-2023)

റോഡിന് മധ്യത്തിൽ വാഹനം നിർത്തരുതെന്ന കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്

അബുദാബി :റോഡിന് മധ്യത്തിൽ യാതൊരു കാരണവശാലും വാഹനം നിർത്തരുതെന്ന കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതര നിയമലംഘനമാണിത്. ഇത്തരത്തിലുണ്ടായ അപകടത്തിന്റെ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചാണ് പൊലീസിന്റെ മുന്നറിയിപ്പ്.

അടിയന്തരസാഹചര്യമാണെങ്കിൽപോലും വാഹനം ഏറ്റവും അടുത്ത എക്സിറ്റിൽ നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും വാഹനം നീക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഉടനടി കൺട്രോൾ സെന്ററിന്റെ സഹായം തേടണമെന്നും പൊലീസ് നിർദേശിച്ചു.

1000 ദിർഹം പിഴ, 6 ബ്ലാക്ക് പോയിന്റ്

റോഡിന് നടുക്ക് വാഹനം നിർത്തിയാൽ ആയിരം ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ചുമത്തും. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചില്ലെങ്കിൽ 400 ദിർഹമാണ് പിഴ. ഒപ്പം നാല് ബ്ലാക്ക് പോയിന്റും ലഭിക്കും.

വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുകയോ ഭക്ഷണം കഴിക്കുകയോ വെള്ളമോ ചായയോ കുടിക്കുകയോ മേയ്ക്കപ്പ് ഇടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 800 ദിർഹം പിഴ ഈടാക്കും.

Post a Comment

Previous Post Next Post