ഏക സിവിൽകോഡിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത, സെമിനാറിൽ പങ്കെടുക്കും

(www.kl14onlinenews.com)
(July -08-2023)

ഏക സിവിൽകോഡിൽ സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത, സെമിനാറിൽ പങ്കെടുക്കും
ഏക സിവിൽകോഡ് വിഷയത്തിൽ സിപിഎമ്മുമായി സഹകരിക്കുമെന്നും സെമിനാറിൽ പങ്കെടുക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രിക്ക് നിവേദനം നൽകുമെന്നും അതിന് ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കുമെന്നും തങ്ങൾ വ്യക്തമാക്കി. സമസ്തയുടെ പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ.

കേരളത്തിൽ ഈ വിഷയത്തിൽ ആര് നല്ല പ്രവർത്തനം നടത്തിയാലും അവർക്കൊപ്പം നിൽക്കും. ഏത് രാഷ്ട്രീയ പാർട്ടികൾക്കൊപ്പവും നിൽക്കും. പൗരത്വ വിഷയത്തിൽ സഹകരിച്ചത് പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കൊപ്പവും നിൽക്കുമെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.

പാരസ്പര്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജ്യം നിലനിൽക്കുന്നത്. മതത്തിൻ്റെ അടിസ്ഥാനത്തിൽ അല്ല, ഈ ലക്ഷ്യം വച്ച് പുലർത്തുന്ന എല്ലാവരുമായും സഹകരിക്കാമെന്നാണ് സമസ്തയുടെ നിലപാട്. രാജ്യത്തിൻ്റെ നന്മകൾക്ക് എതിരായ ചരിത്രം മുസ്ലിം സമുദായത്തിനില്ല. ഓരോ മതസ്ഥർക്കും അവരുടെ ആചാരപ്രകാരം ജീവിക്കാൻ ഭരണ ഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. വികാരപരമായ എടുത്ത് ചാട്ടമല്ല വേണ്ടത്. മതം അനുശാസിക്കുന്ന മത നിയമങ്ങൾ പാലിക്കപ്പെടണമെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു.

അതേസമയം, സമസ്തക്ക് പ്രത്യേകിച്ച് അജണ്ടകളൊന്നുമില്ലെന്ന് സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. ഏകീകൃത സിവിൽ കോഡ് എന്ന വാൾ തൂങ്ങി നിൽക്കുന്നു. ഇത് മുസ്ലീങ്ങൾക്ക് മുകളിൽ മാത്രമല്ല. എല്ലാ മത വിഭാഗങ്ങൾക്കും ദോഷമാണ്. അപകടമാണ്. താൽക്കാലിക ലാഭത്തിനു വേണ്ടിയാണിത് നടപ്പിലാക്കുന്നത്. ഇത് പ്രായോഗികമല്ലെന്നും നിർബന്ധിതമായി നടപ്പാക്കാനുള്ള നീക്കം ഭീകര പ്രവർത്തനം ആയി കണക്കാക്കേണ്ടി വരുമെന്നും അബ്ദുല്ല മുസ്‌ലിയാർ വ്യക്തമാക്കി.

Post a Comment

Previous Post Next Post