‘ഇന്ത്യ’ മണിപ്പൂരിലേക്ക്:സമാധാന ദൗത്യത്തിനായി പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം; കുക്കികളേയും മെയ്തികളേയും കാണും

(www.kl14onlinenews.com)
(July -29-2023)

‘ഇന്ത്യ’ മണിപ്പൂരിലേക്ക്: സമാധാന ദൗത്യത്തിനായി പ്രതിപക്ഷ എംപിമാരുടെ പ്രതിനിധി സംഘം; കുക്കികളേയും മെയ്തികളേയും കാണും
ഇംഫാൽ: പ്രതിപക്ഷ വിശാല സഖ്യമായ 'ഇന്ത്യ'യുടെ 21 അം​ഗ പ്രതിനിധി സംഘം മണിപ്പൂരിലേക്ക് പുറപ്പെട്ടു. മണിക്കൂറുകൾക്കകം സംഘം ഇംഫാലിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് സംഘം മണിപ്പൂരിലെത്തുന്നത്. മൂന്നുമാസമായിട്ടും കലാപം തുടരുന്ന സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കാനും അതിക്രമങ്ങള്‍ നേരിടുന്ന ജനതയെ സാന്ത്വനിപ്പിക്കുന്നതിനുമാണ് പ്രതിപക്ഷ സംഘത്തിന്റെ യാത്ര.

കേരളത്തില്‍ നിന്ന് എ എ റഹീം, ഇ ടി മുഹമ്മദ് ബഷീര്‍, പി സന്തോഷ് ,എന്‍ കെ പ്രേമചന്ദ്രന്‍ എന്നീ എംപിമാര്‍ സംഘത്തിലുണ്ട്. അധിർ രഞ്ജൻ ചൗധരി -കോൺഗ്രസ്​, ലാലൻ സിങ്​ -ജനതാദൾ (യു), സുസ്​മിത ദേവ്​ -തൃണമൂൽ കോൺഗ്രസ്​, കനിമൊഴി -ഡിഎംകെ, മനോജ്​ ഝാ -ആർജെഡി, ജാവേദ്​ അലിഖാൻ -സമാജ്​വാദി പാർട്ടി, മഹുവ മാജി -ജെഎംഎം, മുഹമ്മദ്​ ഫൈസൽ -എൻസിപി, സുശീൽ ഗുപ്ത -ആം ആദ്​മി പാർട്ടി, അരവിന്ദ്​ സാവന്ത്​ -ശിവസേന, തിരുമാവളവൻ -വിസികെ, ജയന്ത്​ ചൗധരി -ആർഎൽഡി എന്നിവരും​ സംഘത്തിലുണ്ട്.

അതേസമയം പ്രതിപക്ഷത്തിന്റെ മണിപ്പൂർ സന്ദർശനത്തെ വിമർശിച്ച് ബിജെപി നേതാക്കൾ രം​ഗത്തെത്തി. 'ഇന്ത്യ'യുടെ മണിപ്പൂർ

സന്ദർശനം വെറും നാടകം മാത്രമാണ്. അവരുടെ ഭരണകാലത്ത് മണിപ്പൂർ കത്തിയപ്പോൾ പ്രതിപക്ഷവും അവരുടെ സഖ്യകക്ഷികളും ഒന്നും മിണ്ടിയില്ല. മണിപ്പൂരിൽ നിന്ന് തിരിച്ചുവരുമ്പോൾ പശ്ചിമ ബം​ഗാളിലേക്ക് അവരെ കൊണ്ടുവരണമെന്ന് കോൺ​ഗ്രസ് എംപി അധീർ രഞ്ജൻ ചൗധരിയോട് അഭ്യാർത്ഥിക്കുന്നു. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളോട് അധീർ രഞ്ജൻ ചൗധരിക്ക് യോജിപ്പുണ്ടോ എന്ന് എനിക്ക് ചോദിക്കാൻ ആഗ്രഹമുണ്ട്. കൊലപാതകങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും നടക്കുന്ന രാജസ്ഥാനിലേക്ക് പ്രതിപക്ഷം പോയില്ല. ഇന്ത്യൻ സഖ്യം രാജസ്ഥാനിലേക്കും പോകുമോ?, ' കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാ​ഗ് താക്കൂർ പറഞ്ഞു.

'ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ സന്ദർശിച്ചിട്ടില്ല. പ്രതിപക്ഷം ഒന്നിച്ചതോടെ കേന്ദ്രം ഉണർന്നു,' അധീർ രഞ്ജൻ ചൗധരി വിമർശിച്ചു.

നേരത്തെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഇടതുപക്ഷ-തൃണമൂൽ പ്രതിനിധികളും മണിപ്പൂർ സന്ദർശിച്ചിരുന്നു. നേരത്തെ മുഖ്യമന്ത്രിമാരുടെ സംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. 'ഇന്ത്യ'ന്‍ പ്രതിനിധി സംഘം മണിപ്പൂരില്‍ താമസിക്കുന്ന വിവിധ സമുദായങ്ങളെ കാണുകയും ചില ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയും ചെയ്യും,' തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒബ്രിയാന്‍ പറഞ്ഞിരുന്നു.

കുക്കികളേയും മെയ്തികളേയും 'ഇന്ത്യ'ൻ പ്രതിനിധികൾ സന്ദർശിക്കും. മണിപ്പൂരിൽ കുക്കികളും മെയ്തികളും തമ്മിലുളള കലാപത്തിൽ ഏകദേശം 50,000ത്തിലധികം ആളുകൾ പലായനം ചെയ്തതായാണ് റിപ്പോർട്ട്. മെയ് മൂന്നിന് ചുരാചന്ദ്പൂർ പട്ടണത്തിലാണ് സംഘർഷം ആദ്യമായി പൊട്ടിപ്പുറപ്പെടുന്നത്. മെയ്തി സമുദായത്തിന് പട്ടികവർഗ്ഗ (എസ്ടി) പദവി നൽകുന്നതിൽ പ്രതിഷേധിച്ച് കുക്കി സമുദായം തെരുവിലിറങ്ങിയതോടെ കലാപം ആളിക്കത്തുകയായിരുന്നു.

Post a Comment

أحدث أقدم