കൊല്ലത്തെ വീട്ടിൽ താമസിക്കാം; മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി

(www.kl14onlinenews.com)
(July -17-2023)

കൊല്ലത്തെ വീട്ടിൽ താമസിക്കാം;
മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി നൽകി. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹരജി പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്. ജാമ്യകാലത്ത് കൊല്ലത്തെ വീട്ടിൽ താമസിക്കാം. 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ചികിത്സക്കായി കൊല്ലം എസ്.പിയുടെ അനുമതിയോടെ വേണം എറണാകുളത്തേക്ക് പോകാനെന്നും കോടതി പറഞ്ഞു.

പ്രത്യേക ഉപാധികളോ പൊലീസ് സുരക്ഷാ നിർദേശങ്ങളോ ഇല്ലാതെയാണ് ഇളവ് നൽകിയതെന്ന് മഅ്ദനിയുടെ അഭിഭാഷകൻ ഹാരീസ് ബീരാൻ പറഞ്ഞു. കർണാടക പൊലീസിന്‍റെ സുരക്ഷയും ആവശ്യമില്ല.

നേരത്തെ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന് മഅദ്‌നി കോടതിയെ അറിയിച്ചിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവം ഡിസ്ചാർജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ വൃക്ക മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും. ഇത്രയും രോഗബാധിതനായ ഒരാൾക്ക് കടുത്ത ജാമ്യവ്യവസ്ഥ ഏർപ്പെടുത്തരുതെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ഇതുവരെ മഅ്ദനിക്ക് ബം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുണ്ടായിരുന്നത്. നേരത്തെ പിതാവിനെ സന്ദർശിക്കാൻ കോടതിയിൽനിന്ന് പ്രത്യേക അനുമതി വാങ്ങി കേരളത്തിലെത്തിയ മഅ്ദനി പിതാവിനെ കാണാനാവാതെയാണ് മടങ്ങിയത്. ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോശം ആരോഗ്യസ്ഥിതി കാരണം അൻവാർശേരിയിലേക്ക് പോകാനായില്ല. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനാൽ അദ്ദേഹത്തെ കൊച്ചിയിലേക്കും എത്തിക്കാനായില്ല. തുടർന്ന് ബം​ഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post