ജന്മദിനത്തില്‍ മണാലിയിലേക്ക് സര്‍പ്രൈസ് യാത്ര; പക്ഷെ പ്രകൃതി സമ്മാനിച്ചത് ഭീകരത നിറഞ്ഞ ദിനങ്ങള്‍
മണാലി:
സോണിയ റോഹ്റ തന്റെ 35-ാം ജന്മദിനം ആഘോഷിച്ചത് മണാലിയിലേക്കുള്ള സര്‍പ്രൈസ് ട്രിപ്പിലൂടെയായിരുന്നു. എല്ലാം പ്ലാന്‍ ചെയ്തത് സോണിയയുടെ ഭര്‍ത്താവായ ലോകേഷ് പഞ്ചാബിയും. എന്നാല്‍ സന്തോഷകരമായി അവസാനിക്കേണ്ടിയിരുന്ന ആ യാത്രയിലേക്ക് വില്ലനായി മഴയും പ്രകൃതി ദുരന്തങ്ങളും എത്തിയതോടെ ഇരുവര്‍ക്കും ലഭിച്ചത് മറക്കാനാകാത്ത അനുഭവം തന്നെയായിരുന്നു.
ഒരു മാര്‍ക്കറ്റിങ് ഏജന്‍സിയിലെ സീനിയര്‍ മാനേജറാണ് സോണിയ, പൂനെയിലുള്ള ഐടി കമ്പനിയുടെ മാനേജരാണ് ലോകേഷ്. ജൂലൈ നാലിനായിരുന്നു സോണിയയുടെ ജന്മദിനം. അല്‍പ്പം വൈകിയായിരുന്നു ലോകേഷിന്റെ സര്‍പ്രൈസ് എത്തിയത്. അതിനാല്‍ ഇരുവരും മണാലിയിലേക്കുള്ള യാത്ര ആരംഭിച്ചത് ജൂലൈ ഏഴിനാണ്.
സോണിയക്ക് മലനിരകള്‍ ഇഷ്ടമായതിനാല്‍ ഞാന്‍ കസോളിലും മണാലിയിയിലുമാണ് റൂമുകള്‍ ബുക്ക് ചെയ്തത്. ജൂലൈ എട്ടിന് പൂനെയില്‍ നിന്ന് യാത്ര തിരിച്ചു. പുലര്‍ച്ചെ 4.20-ന് യാത്ര ആരംഭിച്ച ഞങ്ങള്‍ ചണ്ഡിഗഡില്‍ ആറ് മണിയോടെ എത്തി. ചണ്ഡിഗഡിലേക്ക് കസോളിലേക്കും മണാലിയിലേക്കുമുള്ള യാത്രയ്ക്കായി വാഹനം നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു,” ലോകേഷ് ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
എന്നാല്‍ വൈകാതെ തന്നെ നിരാശ സമ്മാനിച്ച് മഴ ആരംഭിച്ചു. “ഞങ്ങള്‍ കസോളിലെത്തിയപ്പോള്‍ വൈകുന്നേരം ആറ് മണിയായി. വളരെ ശക്തമായ മഴയായിരുന്നു അപ്പോള്‍. മഴ വൈകാതെ ശമിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്,” സോണിയ ഓര്‍ത്തെടുത്തു.
ജൂലൈ ഒന്‍പതിന് മണികരന്‍ സാഹിബ് വഴി മണാലിയിലെത്തിച്ചേരാമെന്നായിരുന്നു ഉറക്കം ഉണര്‍ന്നപ്പോള്‍ ഇരുവരും കരുതിയത്. എന്നാല്‍ കാലാവസ്ഥ കൂടുതല്‍ മോശമായി.
രാവിലെ 11 മണിയോടെ മണികരന്‍ സാഹിബിലേക്ക് പുറപ്പെട്ടു. കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് റോഡില്‍ മരങ്ങള്‍ വീണു കിടന്നിരുന്നതിനാല്‍ യാത്രയ്ക്ക് തടസം നേരിട്ടു. വേറെ മാര്‍ഗങ്ങളൊന്നും ഇല്ലാത്തതിനാല്‍ കുളു വഴി മണാലിയിലേക്ക് പോകാമെന്ന തീരുമാനത്തിലെത്തി. റോഡ്, ഗതാഗാതം പുനസ്ഥാപിക്കാന്‍ രണ്ട് മണിക്കൂറിലധികം സമയം എടുക്കുമെന്ന അറിഞ്ഞതോടെയാണ് പുതിയ മാര്‍ഗം തേടേണ്ടി വന്നത്,” സോണിയ വിശദീകരിച്ചു.
“പിന്നീടായിരുന്നു സാഹസികതയുടെ മണിക്കൂറുകള്‍. കുളു റൂട്ടില്‍ മണ്ണിടിഞ്ഞു. പാറകള്‍ മലകള്‍ക്ക് മുകളില്‍ നിന്ന് റോഡിലേക്ക് പതിച്ചു. എങ്കിലും കുളു വഴി മുന്നോട്ട് പോകാനായി. പക്ഷെ പല പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു, റോഡുകള്‍ ബാരിക്കേഡുകളാല്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. മണാലിയില്‍ നിന്ന് 25 കിലോ മീറ്റര്‍ മാത്രം അകലെയായിരുന്നു ഞങ്ങള്‍.”
“പത്ലികുല്‍ പാലത്തില്‍ എത്തിയപ്പോഴാണ് തിരികെ മടങ്ങാനുള്ള നിര്‍ദേശമുണ്ടായത്. വൈകുന്നേരമായതോടെ മഴ കനക്കുകയും ഇരുട്ടു മൂടാനും തുടങ്ങി. രണ്ട് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ദോബി ഗ്രാമത്തിന് സമീപം ഒരു ഹോട്ടല്‍ കണ്ടെത്തിയത്. അവിടെ വൈദ്യുതിയും വെള്ളവും എന്തിന് ഇന്റര്‍നെറ്റ് സംവിധാനങ്ങളും ഇല്ലായിരുന്നു,” ലോകേഷ് പറഞ്ഞു.
ജൂലൈ 10-ന് ഉറക്കമുണര്‍ന്നപ്പോഴാണ് തങ്ങളെ പോലെ നിരവധി പേര്‍ കുടുങ്ങി കിടന്നതായി സോണിയയും ലോകേഷും മനസിലാക്കിയത്. എന്നാല്‍ അവരുടെ ദുരിതങ്ങള്‍ക്ക് സാക്ഷിയാകാന്‍ പ്രകൃതിയും ബിയാസ് നദിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
“ജൂലൈ 11-നാണ് ഗ്രാമവാസികളില്‍ നിന്ന് റോഡുകളിലെല്ലാം മണ്ണിടിഞ്ഞ് കിടക്കുകയാണെന്നും അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകാന്‍ രണ്ട് ആഴ്ചയോളമെടുക്കുമെന്നും ലോകേഷ് അറിഞ്ഞു. സോണിയയുടെ ഭയവും ഒറ്റപ്പെട്ട അവസ്ഥയും നിലനിന്നപ്പോഴും ഒരാഴ്ച കാത്തിരിക്കാന്‍ ഞാന്‍ തയാറെടുത്തിരുന്നു. ജൂലൈ 11 രാത്രിയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ടായി, പക്ഷെ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു,” ലോകേഷ് കൂട്ടിച്ചേര്‍ത്തു.
12-ാം തീയതിയോടെ മഴ കുറഞ്ഞ് തുടങ്ങി. ഹോട്ടലിലുണ്ടായിരുന്ന രണ്ട് പേരോടൊപ്പം മന്ദിയിലേക്ക് ഇരുവരും യാത്ര തിരിച്ചു. എന്നാല്‍ യാത്ര സുഖകരമായിരുന്നില്ല. തുടര്‍ച്ചയായുള്ള മഴയും മണ്ണിടിച്ചിലും യാത്ര ഹിമാചലിലെ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കി. മോശം റോഡായിരുന്നതിനാല്‍ പലയിടത്തും ഇറങ്ങി വാഹനം തള്ളേണ്ടതായി പോലും വന്നു.
മന്ദിയിലെത്തിയതോടെ ഭാഗ്യം വീണ്ടും ദമ്പതികളെ തുണച്ചു. മന്ദിയില്‍ നിന്ന് ചണ്ഡിഗഡ് വഴി ഗുഡ്ഗാവിലേക്ക് പോകുന്ന രണ്ട് പേരെ കണ്ടുമുട്ടിയതാണ് ഇരുവര്‍ക്കും ആശ്വാസമായത്. ജൂലൈ 13 രാവിലെ രണ്ട് മണിയോടെയാണ് സോണിയയും ലോകേഷും ചണ്ഡിഗഡിലെത്തിയത്. അവിടെ നിന്ന് വിമാനമാര്‍ഗം പൂനയിലേക്കും തിരിച്ചു.
“ലോകേഷിന്റെ പദ്ധതിപോലെ യാത്ര നടന്നില്ലെങ്കിലും, കുറച്ച് നല്ല ഓര്‍മ്മകള്‍ ഉണ്ടായി. ഹിമാലയത്തിന്റെ സൗന്ദര്യവും അവിടുത്തെ ആളുകളുടെ സഹായങ്ങളും മനസിലുണ്ടാകും. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ ഞങ്ങളെപ്പോലെ ഒറ്റപ്പെട്ട് ഒരുമിച്ചുകൂടി. സാധ്യമായ എല്ലാ വഴികളിലും പരസ്പരം സഹായിക്കുന്നതിന് ഉപയോഗിച്ചു. മനുഷ്യത്വത്തിലുള്ള ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കപ്പെട്ടു,” സോണിയ പറഞ്ഞു.
Post a Comment