ഫൈനലിൽ കളി മറന്ന് ഇന്ത്യൻ യുവനിര; കൂറ്റൻ വിജയത്തോടെ പാക്കിസ്ഥാന് എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം

(www.kl14onlinenews.com)
(July -23-2023)

ഫൈനലിൽ കളി മറന്ന് ഇന്ത്യൻ യുവനിര; കൂറ്റൻ വിജയത്തോടെ പാക്കിസ്ഥാന് എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം
കൊളംബോ: ഫൈനലിൽ കളി മറന്ന ഇന്ത്യൻ യുവനിരയെ കീഴടക്കി പാക്കിസ്ഥാന് എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഏകപക്ഷീയമായ ഫൈനലിൽ 128 റൺസിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നേടിയത് എട്ടു വിക്കറ്റ് നഷ്ടത്തിൽ 352 റൺസ്. കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 40 ഓവറിൽ 224 റൺസിന് എല്ലാവരും പുറത്തായി. അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമയാണ് (51 പന്തിൽ 61) ഇന്ത്യയുടെ ടോപ് സ്കോറർ. പാക്കിസ്ഥാനായി സൂഫിയൻ മുഖീം 10 ഓവറിൽ 66 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

സെമിഫൈനലിനു പിന്നാലെ ഫൈനലിലും ബാറ്റർമാർ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 353 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യൻ നിരയിൽ അർധസെഞ്ചറി കടന്നത് ഒരേയൊരാൾ മാത്രം. 51 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 61 റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമ. 41 പന്തിൽ നാലു ഫോറുകളോടെ 39 റൺസെടുത്ത ക്യാപ്റ്റൻ യഷ് ദൂലാണ് രണ്ടാമത്തെ ടോപ് സ്കോറർ.

ഓപ്പണർ സായ് സുദർശൻ (28 പന്തിൽ 29), നികിൻ ജോസ് (15 പന്തിൽ 11), നിഷാന്ത് സിന്ധു (15 പന്തിൽ 10), ധ്രുവ് ജുറൽ (12 പന്തിൽ ഒൻപത്), റിയാൻ പരാഗ് (17 പന്തിൽ 14), ഹർഷിത് റാണ (ഒൻപത് പന്തിൽ 13), രാജ്‌വർധൻ ഹംഗർഗേക്കർ (14 പന്തിൽ 11), യുവ്‌രാജ് സിങ് ദോദിയ (എട്ടു പന്തിൽ അഞ്ച്) എന്നിവരെല്ലാം നിരാശപ്പെടുത്തി. മാനവ് സൂതർ ഏഴു റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി സൂഫിയൻ മുഖീമിനു പുറമെ മെഹ്റാൻ മുംതാസ്, അർഷാദ് ഇഖ്ബാൽ, മുഹമ്മദ് വസിം ജൂനിയർ എന്നിവർ രണ്ടും മുബാസിർ ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.

∙ തകർത്തടിച്ച് പാക്കിസ്ഥാൻ

നേരത്തെ, തയബ് താഹിറിന്റെ സെഞ്ചറിക്കരുത്തിലാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ കൂറ്റൻ സ്കോർ കണ്ടെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റൺസെടുത്തു.‌ 71 പന്തുകൾ നേരിട്ട തയബ് താഹിർ 108 റൺസെടുത്തു പുറത്തായി. 66 പന്തുകളിൽനിന്നാണു താരം സെഞ്ചറി നേടിയത്. 121 റണ്‍സിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് സയിം അയൂബും സാഹിബ്സദ ഫർഹാനും പാക്കിസ്ഥാനു വേണ്ടി പടുത്തുയർത്തിയത്. 51 പന്തിൽ 59 റൺസെടുത്ത സയിം അയൂബിനെ മാനവ് സുതാറിന്റെ പന്തിൽ ഇന്ത്യൻ കീപ്പർ ധ്രുവ് ജുറേൽ ക്യാച്ചെടുത്തു പുറത്താക്കി. 62 പന്തില്‍ 65 റൺസെടുത്ത ഫർഹാൻ റണ്ണൗട്ടാകുകയായിരുന്നു.

ഒമൈർ യൂസഫ് 35 പന്തിൽ 35 റൺസെടുത്തു. വെടിക്കെട്ട് ബാറ്റിങ്ങുമായി തയബ് താഹിർ ഇറങ്ങിയതോടെ പാക്കിസ്ഥാൻ സ്കോർ ഉയര്‍ന്നു. 12 ഫോറും നാലു സിക്സുമാണ് താഹിർ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ അതിർത്തി കടത്തിയത്. ക്വാസിം അക്രമും (പൂജ്യം), പാക്ക് ക്യാപ്റ്റൻ മുഹമ്മദ് ഹാരിസും (ആറു പന്തിൽ രണ്ട്) വന്നപോലെ മടങ്ങി.

45–ാം ഓവറിലാണ് തയബ് താഹിറിനെ പുറത്താക്കാൻ ഇന്ത്യയ്ക്കു സാധിച്ചത്. രാജ്യവർധൻ ഹംഗർഗേക്കറുടെ പന്തിൽ അഭിഷേക് ശർമ ക്യാച്ചെടുത്താണ് താഹിർ മടങ്ങിയത്. 35 റൺസെടുത്ത മുബഷിർ ഖാനെയും ഹംഗർഗേക്കർ പുറത്താക്കി. മുഹമ്മദ് വാസിമും (10 പന്തില്‍ 17), സുഫിയാൻ മുക്കീമും (നാല്) പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഓൾ റൗണ്ടർ റിയാൻ പരാഗ്, രാജ്‍വർധന്‍ ഹംഗർഗേക്കർ എന്നിവര്‍ രണ്ടു വിക്കറ്റു വീതം വീഴ്ത്തി.

Post a Comment

Previous Post Next Post