(www.kl14onlinenews.com)
(July -20-2023)
‘പൊലീസ് ഞങ്ങളെ ആക്രമികൾക്കു എറിഞ്ഞു കൊടുത്തു, അവർക്കൊപ്പം നിന്നു;’ മണിപ്പൂരിലെ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീ
ന്യൂഡൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവം രാജ്യത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്. സംഭവസ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്ന് അതിജീവിതമാർ പറഞ്ഞു. പൊലീസ് തങ്ങളെ സഹായിച്ചില്ലെന്നും സ്ത്രീകൾ പറഞ്ഞതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
നാല് പൊലീസ് ഉദ്യോഗസ്ഥർ കാറിൽ ഇരിക്കുന്നത് താൻ കണ്ടുവെന്നും എന്നാൽ അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിലെ രണ്ടാമത്തെ സ്ത്രീ പറഞ്ഞു. കലാപത്തിൽ ഈ സ്ത്രീയുടെ പിതാവും സഹോദരനും കൊല്ലപ്പെട്ടിരുന്നു.
'അവർ ഞങ്ങളെ ഒരു കുറ്റിച്ചെടിയുള്ള പ്രദേശത്തേക്ക് കൊണ്ടുപോയി. മൂന്ന് പേർ എന്നെ പിടിച്ചു, ഒരാൾ വിളിച്ചു പറഞ്ഞു, അവരെ പീഡിപ്പിക്കാൻ ആഗ്രഹിക്കുന്നവർ വരൂ എന്ന്,' അതിജീവിതമാരിലെ ആദ്യ സ്ത്രീ പറഞ്ഞു. എന്നാൽ തങ്ങളെ സഹായിക്കാൻ ശ്രമിച്ച ആളുകളുമുണ്ടെന്നും സ്ത്രീ പറഞ്ഞു.
മെയ് മാസം നാലാം തീയതിയാണ് സംഭവം അരങ്ങേറിയത്. ഇംഫാലിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള കാങ്പോക്പി ജില്ലയിൽ നടന്ന സംഭവമാണിതെന്ന് ഐടിഎൽഎഫ് പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
എന്നാൽ സംഭവം നടന്ന് 77 ദിവസമായെന്നാണ് ജൂലൈ 19 ന് മണിപ്പൂർ പൊലീസ് വിഷയത്തിൽ ട്വീറ്റ് ചെയ്തത്. '2023 മെയ് 4-ന് രണ്ട് സ്ത്രീകളെ അജ്ഞാതരായ സായുധരായ അക്രമികൾ നഗ്നരായി നടത്തിയ വൈറൽ വീഡിയോയുമായി ബന്ധപ്പെട്ട്, തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം തുടങ്ങിയവയ്ക്ക് അജ്ഞാതരായ അക്രമികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള തീവ്രശ്രമത്തിലാണ്,' എന്ന് പൊലീസ് ട്വീറ്റ് ചെയ്തു. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
മണിപ്പൂരിലെ സംഭവങ്ങളെ അപലപിച്ച പ്രധാനമന്ത്രി മാസങ്ങളോളമായി തുടരുന്ന കലാപം മനുഷ്യരാശിക്ക് നാണക്കേടുണ്ടാക്കുന്നുവെന്ന് പറഞ്ഞു. മണിപ്പൂരിലെ പെണ്‍മക്കള്‍ക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ലെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സംഭവുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു. വിഷയവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്. പ്രചരിച്ച ദൃശ്യങ്ങള്‍ ഭരണഘടന സംവിധാനങ്ങളുടെ വീഴ്ച ആണെന്ന പരോക്ഷ വിമര്‍ശനവും ചീഫ് ജസ്റ്റിസ് നല്‍കി.
Post a Comment