(www.kl14onlinenews.com)
(July -14-2023)
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി തുടരുന്നു. വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് ഡൽഹി. പ്രധാന റോഡുകളിൽ വൻതോതിൽ വെള്ളമുയർന്നതോടെ രാജ്യതലസ്ഥാനം സ്തംഭിച്ചു. യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടെങ്കിൽ പോലും ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ലഫ്. ഗവർണർ വി.കെ.സക്സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതി വിലയിരുത്തി.
സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിൻറെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. പ്രളയ ഭീഷണി കണക്കിലെടുത്തു സ്കൂളുകൾ, കോളജുകൾ, അടിയന്തര സേവനഗണത്തിൽ ഉൾപ്പെടാത്ത സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് 16 വരെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതു പരിഗണിക്കാനും സർക്കാർ നിർദേശിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ, ഭാരവാഹനങ്ങൾ എന്നിവ ഡൽഹിയിലേക്കു പ്രവേശിക്കുന്നതു നിരോധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ട അടച്ചു. നാളെ സ്ഥിതി നോക്കിയ ശേഷം തുറക്കുന്ന കാര്യം തീരുമാനിക്കും.
ജലനിരപ്പുയർന്നതിന് പിന്നാലെ യമുന നദീതീരത്ത് താമസിക്കുന്നവർ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്പുകളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ നഗരത്തിന്റെ പല ഭാഗങ്ങളിലായി ക്രമീകരിച്ച ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും. പ്രളയസാധ്യതാ പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനായി 16 കൺട്രോൾ റൂമുകളും ഡൽഹി സർക്കാർ തുറന്നു. ഡൽഹി, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണു ജലനിരപ്പ് ഉയരാൻ കാരണം. ഹിമാചലിൽ നിന്ന് ഒഴുകിയെത്തുന്ന ജലം ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിൽനിന്നു യമുനയിലേക്കു തുറന്നുവിട്ടതോടെയാണു ഡൽഹി പ്രളയ ജലത്തിൽ മുങ്ങിയത്. 23692 പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
Post a Comment