(www.kl14onlinenews.com)
(July -19-2023)
ചെറുവത്തൂർ: പിലിക്കോട് തോട്ടം-പടന്ന ഗണേശ് മുക്ക് റോഡിൽ യാത്ര ദു:സ്സഹമായി. കണ്ണങ്കൈ മുതൽ ഗണേഷ് മുക്ക് വരെ മുക്കാൽ കിലോമീറ്റർ റോഡ് ടാർ ചെയ്യാൻ അധികൃതർക്ക് പറ്റാത്തതാണ് യാത്ര ദുരിതപൂർണമാക്കിയത്. തകർന്ന റോഡിലെ കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതുമൂലം യാത്രക്കാർക്ക് ഈ വഴി കൈയൊഴിയേണ്ട അവസ്ഥയാണ്. ദേശീപാതയിൽനിന്ന് പിലിക്കോട് വഴി പടന്ന, വലിയപറമ്പ, മടക്കര ഭാഗത്തേക്ക് എളുപ്പവഴിയാണിത്. ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണ്.
പിലിക്കോട്-ഗണേഷ് മുക്ക് 2.300 കിലോമീറ്ററിൽ തോട്ടംഗേറ്റ് മുതൽ കണ്ണങ്കൈവരെ 1.650 കി.മീറ്റർ രണ്ട് മാസം മുമ്പാണ് മെക്കാഡം ടാറിങ് നടത്തി നവീകരിച്ചത്. വർഷങ്ങളുടെ മുറവിളിക്കൊടുവിലാണ് ടാറിട്ടത്. തോട്ടം മുതൽ കണ്ണങ്കൈവരെയും, ചെറുവത്തൂർ മുതൽ പടന്നവരെയും മികച്ച റോഡാണ്. ഇതിനിടയിലെ ചെറുഭാഗമാണ് തകർന്ന് തരിപ്പണമായി കിടക്കുന്നത്. കഴിഞ്ഞ ജില്ല പഞ്ചായത്ത് ഭരണസമിതി പിലിക്കോട്-ഗണേഷ് മുക്ക് റോഡിന് പദ്ധതി ഒരുക്കിയതല്ലാതെ ഫണ്ട് നീക്കിവെച്ചില്ല. നിലവിലെ ഭരണസമിതി ആദ്യ ബജറ്റിൽ അനുവദിച്ച രണ്ടുകോടി ചെലവിട്ടാണ് തോട്ടം മുതൽ കണ്ണങ്കൈവരെ മെക്കാഡം ടാറിട്ടത്. ബാക്കിയുള്ള 750 മീറ്റർ എപ്പോൾ നവീകരിക്കുമെന്ന് ഉറപ്പില്ല. പദ്ധതി നിർദേശം ജില്ല പഞ്ചായത്തിന് സമർപ്പിച്ചതായി എൽ.എസ്.ജി.ഡി. എൻജിനിയറിങ് വിഭാഗം പറയുന്നു.
Post a Comment