(www.kl14onlinenews.com)
(June-26-2023)
അബുദാബി: ജീവിത നിലവാരത്തിലും സുരക്ഷയിലും അബുദാബി നിവാസികളുടെ സംതൃപ്തി സൂചിക ഉയർന്നു. എമിറേറ്റിലെ താമസക്കാരിൽ 93.5 ശതമാനവും സുരക്ഷിതരാണെന്നാണ് സർവേ റിപ്പോർട്ട്. സാമൂഹിക വികസന വിഭാഗത്തിന്റെ (ഡിസിഡി) ക്വാളിറ്റി ഓഫ് ലൈഫ് സർവേയിലാണ് ഈ കണ്ടെത്തൽ.
അബുദാബി വികസന രേഖയുടെ പ്രധാന അളവുകോലായി കണക്കാക്കുന്ന സർവേ റിപ്പോർട്ടാണിത്. 2020-2022 കാലയളവിൽ മൂന്നു ഘട്ടങ്ങളായി 2 ലക്ഷത്തോളം പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കുടുംബ ജീവിതത്തിന്റെ നിലവാരം ഉയർത്തുക, കായിക സംസ്കാരം വളർത്തുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, മികച്ച തൊഴിൽ നയം, അടിയന്തര നടപടിക്രമങ്ങൾ, അക്രമത്തിനും ദുരുപയോഗത്തിനും ഇരയായവർക്കുള്ള സംരക്ഷണ നയം ശക്തിപ്പെടുത്തൽ തുടങ്ങി 14 കാര്യങ്ങളിലാണ് മുന്നാം ഘട്ടത്തിൽ ജനങ്ങളുടെ അഭിപ്രായം തേടിയത്.
പാർപ്പിടം, തൊഴിൽ അവസരങ്ങൾ, വരുമാനം, കുടുംബ സ്വത്ത്, തൊഴിൽ-ജീവിത സന്തുലിതാവസ്ഥ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ വൈദഗ്ധ്യം, വ്യക്തിഗത–പൊതു സുരക്ഷ, സാമൂഹിക ബന്ധങ്ങൾ, ഭരണത്തിലെ പൊതുജന പങ്കാളിത്തം, പരിസ്ഥിതി നിലവാരം, സാമൂഹികവും സാംസ്കാരികവുമായ ഏകീകരണം, സാമൂഹിക സേവനം, ഡിജിറ്റൽ ജീവിത നിലവാരം എന്നിവയിലാണ് ആദ്യ 2 ഘട്ടങ്ങളിൽ അഭിപ്രായം തേടിയത്.
അറബിക്, ഇംഗ്ലിഷ്, ബംഗാളി, ഹിന്ദി, ടാഗലോഗ്, തെലുങ്ക് എന്നീ 6 ഭാഷകളിലായിരുന്നു സർവേ. രാത്രി തനിച്ച് നടക്കുമ്പോൾ സുരക്ഷിതരാണെന്ന് 93.5% പേരും അഭിപ്രായപ്പെട്ടു. സാമൂഹിക ബന്ധങ്ങളിൽ 74% പേരും കുടുംബ ജീവിതത്തിൽ 73%വും സംതൃപ്തരാണ്. മതസ്വാതന്ത്ര്യത്തെക്കുറിച്ച് 88.6% പേരും ഡിജിറ്റൽ ജീവിത നിലവാര സൂചകങ്ങളിൽ,88.7% പേരും ഇന്റർനെറ്റ് സേവനങ്ങളിൽ 85.2% പേരും അനുകൂലിച്ചു.സന്തോഷ സൂചിക 7.17ൽനിന്ന് 7.63 പോയിന്റ് ആയി വർധിച്ചു.
Post a Comment