ഓസ്‌ട്രേലിയ 469 റൺസിന് പുറത്ത്;ഇന്ത്യക്ക് മോശം തുടക്കം, 5:വിക്കറ്റ് നഷ്‌ടമായി 151/5

(www.kl14onlinenews.com)
(Jun-08-2023)

ഓസ്‌ട്രേലിയ 469 റൺസിന് പുറത്ത്;ഇന്ത്യക്ക് മോശം തുടക്കം, 5:വിക്കറ്റ് നഷ്‌ടമായി 151/5
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് മോശം തുടക്കം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 151/5എന്ന നിലയിലാണ്. രോഹിത് ശര്‍മ (15), ശുഭ്മാന്‍‍ ഗില്‍ (13) പൂജാര (14) കോഹ്ലി (14) ജഡേജ (48) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രഹനെ 29ഉം ഭാരത് 5 ആണ് ഗ്രിസിൽ, നേരത്തെ ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് പുറത്തായിരുന്നു.

സെഷന്‍ ഒന്ന്: ഇന്ത്യയുടെ തിരിച്ചുവരവ്


മത്സരത്തിലേക്ക് തിരികെ എത്തണമെങ്കില്‍ ആദ്യ സെഷനില്‍ ഇന്ത്യക്ക് ആധിപത്യം സ്ഥാപിക്കണമായിരുന്നു. ആദ്യ ഓവറില്‍ തന്നെ തുടരെ രണ്ട് ബൗണ്ടറികള്‍ പായിച്ച് സ്റ്റീവ് സ്മിത്ത് തന്റെ സെഞ്ചുറി തികച്ചു. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ 31-ാം സെഞ്ചുറിയായിരുന്നു. വൈകാതെ ട്രാവിസ് ഹെഡ് 150 റണ്‍സും പിന്നിട്ടു.

പിന്നീട് ഇന്ത്യന്‍ ബോളര്‍മാരുടെ മികവായിരുന്നു കണ്ടത്. ആദ്യം വീണത് അപകടകാരിയായ ഹെഡായിരുന്നു. ഹെഡിനെ ശ്രീകര്‍ ഭരത്തിന്റെ കൈകളിലെത്തിച്ച് സിറാജ് 285 റണ്‍സ് കൂട്ടുകെട്ട് പൊളിച്ചു. 163 റണ്‍സെടുത്ത ഹെഡിന്റെ ഇന്നിങ്സില്‍ 25 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടു. പിന്നാലെ എത്തിയ കാമറൂണ്‍ ഗ്രീനിന് അധികനേരം പിടിച്ചു നില്‍ക്കാനായില്ല.

ശുഭ്മാന്‍ ഗില്ലിന്റെ ഉജ്വല ക്യാച്ചില്‍ ഗ്രീനിനെ (6) ഷമിയാണ് പുറത്താക്കിയത്. എങ്കിലും ക്രീസില്‍ നിലയുറപ്പിച്ച സ്മിത്തിനെ പറഞ്ഞയക്കാന്‍ സാക്ഷാല്‍ ശാര്‍ദൂല്‍ താക്കൂര്‍ തന്നെ വേണ്ടി വന്നു. 268 പന്തുകള്‍ നീണ്ട സ്മിത്തിന്റെ പ്രതിരോധ പൊളിച്ചു ശാര്‍ദുല്‍. 19 ഫോറടക്കം 121 റണ്‍സായിരുന്നു വലം കയ്യന്‍ ബാറ്ററുടെ സമ്പാദ്യം

പിന്നീട് ഉത്തരവാദിത്തം അലക്സ് ക്യാരിയിലേക്കെത്തി. പ്രതിരോധിച്ചും മോശം പന്തുകളെ ശിക്ഷിച്ചും ക്യാരി ഓസീസ് സ്കോര്‍ 400 കടത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ അക്സര്‍ പട്ടേലിന്റെ ഫീല്‍ഡിങ് മികവില്‍ ഇന്ത്യ പവലിയനിലേക്ക് അയച്ചു. ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ ക്യാരിക്കൊപ്പം നായകന്‍ കമ്മിന്‍സാണുള്ളത്.

രണ്ടാം സെഷന്‍: ഓസ്ട്രേലിയയെ പിടിച്ചുകെട്ടി ഇന്ത്യ

422-7 എന്ന നിലയില്‍ രണ്ടാം സെഷന്‍ ആരംഭിച്ച ഓസ്ട്രേലിയയുടെ ലക്ഷ്യം പരമാവധി റണ്‍സ് സ്കോര്‍ ചെയ്യുക എന്നതായിരുന്നു. എന്നാല്‍ 48 റണ്‍സെടുത്ത അലക്സ് ക്യാരിക്ക് മാത്രമാണ് അത് നടപ്പാക്കാനായത്. പേസ് ബോളര്‍മാരെ അനായാസം നേരിട്ട അലക്സിന് മുന്നിലേക്ക് ജഡേജയെ നല്‍കിയാണ് രോഹിത് വിക്കറ്റ് നേടിയത്.

അലക്സിന്റെ സ്വീപ്പ് ഷോട്ട് ശ്രമം പാളുകയും വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയുമായിരുന്നു. എട്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയുടെ വാലറ്റത്തെ സിറാജാണ് തരിപ്പണമാക്കിയത്. ഒന്‍പത് റണ്‍സ് വീതമെടുത്ത കമ്മിന്‍സിനോയും ലിയോണിനേയും പുറത്താക്കി സിറാജ് നാല് വിക്കറ്റ് നേട്ടം പൂര്‍ത്തീകരിച്ചു.

രണ്ടാം ദിനം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് ഓസ്ട്രേലിയക്ക് നേടാന്‍ കഴിഞ്ഞത്. ഇന്ത്യക്കായി സിറാജിന് പുറമെ മുഹമ്മദ് ഷമി, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജഡേജ ഒരു വിക്കറ്റും സ്വന്തമാക്കി.

ഓസ്ട്രേലിയ ഉയര്‍ത്തിയ 469 റണ്‍സെന്ന കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു രോഹിത്‍ ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. ഇരുവരും ഓസീസ് ബോളര്‍മാരെ ആക്രമിച്ച് കളിക്കുകയായിരുന്നു. സ്കോറിങ്ങിന് വേഗം കൂടുകയും ഇന്ത്യ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ രോഹിതിനെ (15) വിക്കറ്റിന് മുന്നില്‍ കുടുക്കി പാറ്റ് കമ്മിന്‍സ് ആദ്യ പ്രഹരം നല്‍കി. വൈകാതെ സ്കോട്ട് ബോളണ്ടിന്റെ പന്ത് മനസിലാക്കാതെ ലീവ് ചെയ്ത ഗില്ലിന്റെ കുറ്റി തെറിച്ചു. 13 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 151/5എന്ന നിലയിലാണ് ഇന്ത്യ.

ആദ്യ ദിനം: ഹെഡിന് സെഞ്ചുറി, ഓസ്ട്രേലിയ 327-3

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്ക് ആദ്യ ദിനം നിരാശപ്പെടേണ്ടി വന്നില്ല. ബോളിങ്ങിന് അനുകൂലമെന്ന് തോന്നിച്ച പിച്ചില്‍ കരുതലോടെയും ആക്രമിച്ചും ബാറ്റ് വീശിയ ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ട്രാവിസ് ഹെഡ് (146), സ്റ്റീവ് സ്മിത്ത് (95) എന്നിവരാണ് ക്രീസില്‍.

മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ ഉസ്മാന്‍ ഖവാജയെ (0) മടക്കാന്‍ മുഹമ്മദ് സിറാജിനായി. പിന്നീട് ഡേവിഡ് വാര്‍ണറും മാര്‍നസ് ലെബുഷെയിനും ചേര്‍ന്ന് ഓസ്ട്രേലിയന്‍ ഇന്നിങ്സിന് അടിത്തറ പാകുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും 69 റണ്‍സാണ് കൂട്ടിച്ചേര്‍ത്ത്. വാര്‍ണറെ (43) പുറത്താക്കി ശാര്‍ദൂല്‍ താക്കൂറാണ് കൂട്ടുകെട്ട് പൊളിച്ചത്.

ഉച്ചയൂണിന് തൊട്ട് മുന്‍പായിരുന്നു വാര്‍ണറിന്റെ മടക്കം. രണ്ടാം സെഷന്റെ ആദ്യ പന്തില്‍ ലെബുഷെയിനെ (26) ബൗള്‍ഡാക്കി ഷമി പ്രഹരം ഇരട്ടിച്ചു. പിന്നീടെത്തിയ ട്രാവിസ് ഹെഡ് കൗണ്ടര്‍ അറ്റാക്കിങ് ആരംഭിച്ചതോടെ കളി ഇന്ത്യയുടെ കൈകളില്‍ നിന്ന് നഷ്ടമായി. രണ്ടാം സെഷനില്‍ 97 റണ്‍സ് ഓസ്ട്രേലിയ നേടി.

മൂന്നാം സെഷനില്‍ കൂടുതല്‍ ആക്രമിച്ചു കളിച്ചും സ്മിത്തും ഹെഡും. ഇന്ത്യന്‍ താരങ്ങളുടെ ശരീരഭാഷയില്‍ പോലും ആത്മവിശ്വാസത്തിന്റെ കുറവ് പ്രകടമായിരുന്നു. അവസാന സെഷനില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 157 റണ്‍സ് ഓസീസ് നേടി. ഹെഡ് തന്റെ സെഞ്ചുറി മറികടന്നപ്പോള്‍ സ്മിത്ത് മികച്ച പിന്തുണയുമായി ഒപ്പം നിന്നു.

Post a Comment

Previous Post Next Post