(www.kl14onlinenews.com)
(Jun-17-2023)
കൊച്ചി: വ്യാജ പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതി. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. 2019 ല്‍ ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. മോന്‍സനെതിരായി റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ആദ്യത്തെ വിധിയാണിത്.
പുരാവസ്തുകേസില്‍ മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നല്‍കിയത്. പഠിക്കാന്‍ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. മോന്‍സന്റെ ജീവനക്കാരിയുടെ മകളാണിത്. ഇന്ത്യന്‍ ശിക്ഷാനിയമം, പോക്‌സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോന്‍സനെതിരെ ചുമത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആര്‍.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. മോന്‍സന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്‌സോ കേസില്‍ മോന്‍സന്‍ രണ്ടാം പ്രതിയാണ്. 2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഐ പി സി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്ക) ഐ പി സി 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), ഐ പി സി 354 എ (സ്ത്രീക്കു നേരായ അതിക്രമം), ഐ പി സി 376 (ബലാത്സംഗം), ഐ പി സി 313 (സ്ത്രീയുടെ അനുമതിയില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), ഐ പി സി 506 ( ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളും മോന്‍സനെതിരെ ചുമത്തിയിരുന്നു.
ഈ കേസില്‍ നേരത്തെ ജാമ്യം തേടി മോന്‍സന്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ അന്ന് മുതല്‍ മോന്‍സന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. പോക്‌സോ കേസ് അടക്കം 16 കേസുകളാണ് മോന്‍സനെതിരെ നിലവിലുള്ളത്. മോന്‍സന്റെ മാനേജറായ ജോഷി ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് മറ്റൊരു കേസും നിലവിലുണ്ട്. ജോഷിയുടെ കേസില്‍ രണ്ടാം പ്രതിയാണ് മോന്‍സന്‍.
Post a Comment