(www.kl14onlinenews.com)
(Jun-11-2023)
മുഴപ്പിലങ്ങാട് (കണ്ണൂർ): സംസാരശേഷിയില്ലാത്ത പതിനൊന്നുകാരന് തെരുവുനായ് ആക്രമണത്തിൽ ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്കടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാൽ നൗഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ കുട്ടിയെ വീട്ടിൽനിന്ന് കാണാതായിരുന്നു. വീട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. ബന്ധുക്കളും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനിടെയാണ് രാത്രി ഒമ്പതോടെ കുട്ടിയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടിയുടെ മുഖവും വയറും നായ് കടിച്ചുകീറിയിരുന്നു. ഓട്ടിസം ബാധിച്ച് സംസാരശേഷിയില്ലാത്തതിനാൽ തെരുവുനായ് ആക്രമണത്തിൽ കുട്ടിക്ക് നിലവിളിക്കാനുമായില്ല. ആളൊഴിഞ്ഞ വീട്ടുപറമ്പിൽനിന്ന് വൈകീട്ട് തെരുവുനായ്ക്കളുടെ ബഹളം ഏറെനേരം കേട്ടതായി തിരച്ചിലിനിടെ സമീപവാസികൾ പറഞ്ഞതിനെ തുടർന്നാണ് നാട്ടുകാർ ആളൊഴിഞ്ഞ പറമ്പ് പരിശോധിച്ചത്. വീടിനോട് ചേർന്ന തൊടിയിൽ ചെടികൾക്കിടയിൽ ചോരയിൽ കുളിച്ചായിരുന്നു മൃതദേഹം. ധർമടം സ്വാമിക്കുന്ന് ജേസീസ് സ്പെഷൽ സ്കൂൾ വിദ്യാർഥിയാണ് നിഹാൽ. വീടിന്റെ ഗേറ്റ് തുറന്നപ്പോൾ കുട്ടി പുറത്തുപോയതാണെന്നാണ് കരുതുന്നത്. തെരുവുനായ്ക്കകൾ പിന്തുടർന്നതിനെ തുടർന്ന് ഭയന്ന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് കയറിയതാവാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു.
എടക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണ്. മാതാവ്: നുസീഫ. സഹോദരൻ: നസൽ. നിഹാലിന്റെ ഖബറടക്കം തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മരണവിവരമറിഞ്ഞ് ബഹ്റൈനിലുള്ള പിതാവ് നൗഷാദ് നാട്ടിലേക്ക് തിരിച്ചു.
Post a Comment