(www.kl14onlinenews.com)
(Jun-14-2023)
കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പാലക്കാട് പത്തിരിപ്പാല ഗവ. കോളേജിലും അന്വേഷണം നടത്തും. പത്തിരിപ്പാല കോളേജിൽ അഗളി പോലീസാണ് പരിശോധന നടത്തുക. 2021-22 അധ്യയന വർഷത്തിലാണ് വിദ്യ ഇവിടെ പഠിപ്പിച്ചത്. ഇവിടെ വിദ്യ എന്തെങ്കിലും രേഖകൾ സമർപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.
ഇവിടുത്തെ അധ്യാപകരുടെ മൊഴിയും അന്വേഷണ സംഘം എടുക്കും. വ്യാജ രേഖ ഏത് കാലത്ത് ഉണ്ടാക്കി എന്നറിയുകയാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ കാസർകോട് നീലേശ്വരം പോലീസ് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. കോളേജിന്റെ സീലും ഉദ്യോഗസ്ഥരുടെ ഒപ്പുകളുമാണ് ശേഖരിച്ചത്.
മഹാരാജാസ് കോളേജിൽ നിന്ന് നൽകുന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിന്റെ ഫോർമാറ്റും പോലീസ് പരിശോധിച്ചു. വിദ്യയെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കരിന്തളം സർക്കാർ കോളേജിൽ നേരത്തെ കെ വിദ്യ അധ്യാപികയായി ജോലി ചെയ്‌തിരുന്നു. ഇതിനായി സമർപ്പിച്ച സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് പ്രിൻസിപ്പൽ പോലീസിൽ പരാതി നൽകിയത്.
Post a Comment