ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തി, ഉത്തരവാദികളെയും തിരിച്ചറിഞ്ഞു: റെയിൽവേ മന്ത്രി

(www.kl14onlinenews.com)
(Jun-04-2023)

ട്രെയിൻ അപകടത്തിന്റെ കാരണം കണ്ടെത്തി, ഉത്തരവാദികളെയും തിരിച്ചറിഞ്ഞു: റെയിൽവേ മന്ത്രി

ഭൂവനേശ്വർ: ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ കാരണം കണ്ടെത്തിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ്. ഇലക്ട്രോണിക് ഇന്റർലോക്കിങ്ങിലുണ്ടായ മാറ്റം മൂലമാണ് ഇത് സംഭവിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബാലാസോറിൽ അപകടം നടന്ന സ്ഥലം സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ സുരക്ഷാ കമ്മീഷണർ നടത്തിയ അന്വേഷണറിപ്പോർട്ട് വരട്ടെയെന്ന് റെയിൽവേ മന്ത്രി പറഞ്ഞു. അപകടത്തിന് ഉത്തരവാദികളായവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ട്രാക്ക് പുനഃസ്ഥാപിക്കുന്നതിനാണ് പ്രഥമ പരിഗണന. ബുധനാഴ്ചയോടെ ട്രെയിൻ സർവീസ് പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് രാത്രിയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. ആയിരത്തിലധികം ജോലിക്കാരാണ് രാത്രിയും പകലുമായി സ്ഥലത്ത് ജോലിചെയ്യുന്നത്. ഏഴ് മണ്ണുമാന്തി യന്ത്രങ്ങൾ, രണ്ട് ആക്സിഡന്റ് റിലീഫ് ട്രെയിനുകൾ, നാല് ക്രെയിനുകൾ എന്നിവ സ്ഥലത്തെത്തിച്ചാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം നടത്തുന്നത്. അപകടത്തെത്തുടർന്ന് മറിഞ്ഞ ബോഗികൾ ട്രാക്കിൽനിന്ന് നീക്കിയിട്ടുണ്ട്. തകർന്ന പാളങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങളും ഓഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ അഞ്ച് സംഘങ്ങളും 24 അഗ്നിശമന സേനാ യൂണിറ്റുകളും സ്ഥലത്തുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് രാജ്യത്തെ നടുക്കിയ അപകടമുണ്ടാകുന്നത്. കോറമണ്ഡൽ എക്സ്പ്രസ് സിഗ്നൽ തെറ്റി മറ്റൊരു ട്രാക്കിലേക്ക് കയറിയതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്നു കോറമണ്ഡൽ എക്സ്പ്രസാണ് ആദ്യം പാളംതെറ്റുകയും തുടർന്ന് നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറുകയും ചെയ്തത്. ഇതിന്റെ ആഘാതത്തിൽ തെറിച്ച കോറമണ്ഡൽ എക്സ്പ്രസിന്റെ ചില കോച്ചുകൾ അതേ സമയത്ത് തന്നെ എതിർദിശയിലൂടെ കടന്നുപോകുകയായിരുന്നു ബെംഗളൂരു-ഹൗറ എക്സ്പ്രസിന്റെ അവസാന നാല് കോച്ചുകളിൽ ചെന്ന് പതിച്ചു. ദുരന്തത്തിൽ 298 പേർക്കാണ് ജീവൻ നഷ്ടമായത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു

Post a Comment

Previous Post Next Post