(www.kl14onlinenews.com)
(Jun-04-2023)
ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങളിലെ യാത്രയ്ക്ക് കുട്ടികള്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. കുട്ടികളായ യാത്രക്കാർക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം എം.പി നൽകിയ കത്തിനുള്ള മറുപടിയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഇരുചക്ര വാഹനങ്ങളില്‍ രണ്ട് പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് എഐ ക്യാമറകൾ വഴി ഗതാഗതനിയമലംഘനത്തിന് പിഴ ഈടാക്കാൻ അധികൃതർ തയ്യാറെടുക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാരിൽനിന്ന് പ്രതികൂല നിർദേശം ഉണ്ടായിരിക്കുന്നത്. 10 വയസിന് താഴെ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കൊണ്ടു പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് എളമരം കരീം എം.പി കത്തയച്ചത്.
എഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ ഇരുചക്രവാഹന യാത്രയുമായി ബന്ധപ്പെട്ടാണ് വ്യാപക വിമർശനം ഉയർന്നത്. മുതിര്‍ന്ന രണ്ട് പേര്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള കുട്ടിക്കും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കാൻ അനുവദിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാറിന് സംസ്ഥാന സർക്കാർ കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിന് കേന്ദ്രത്തിൽ നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.
Post a Comment