(www.kl14onlinenews.com)
(Jun-21-2023)
നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റ് വീണ്ടും തകരാറിൽ ; നിയന്ത്രണം ലംഘിച്ച് വാഹനങ്ങൾ കടന്നുപോയത് മേൽപാലത്തിലൂടെ
നീലേശ്വരം : ദേശീയപാതയിലെ പള്ളിക്കര റെയിൽവേ ഗേറ്റ് വാഹനമിടിച്ചു തകർന്ന് 4 മണിക്കൂറിലധികം ഗതാഗത തടസ്സം. പണി പൂർത്തിയായ പള്ളിക്കര മേൽപാലത്തിലൂടെ ഇതിനിടെ നിയന്ത്രണം ലംഘിച്ചു വാഹനങ്ങൾ കടന്നു പോകുകയും ചെയ്തു. ഇന്നലെ രാവിലെ ഏഴരയോടെയാണ് പാഴ്സൽ വാഹനമിടിച്ചു കിഴക്കു ഭാഗത്തെ റെയിൽവേ ഗേറ്റ് തകർന്നത്. ഗേറ്റ് തുറക്കാൻ സാധിക്കാതായതോടെ ഇരു ഭാഗത്തും വാഹനനിര നീണ്ടു. ഇതിനിടെയാണ് ഗതാഗതത്തിന് അനുമതി കിട്ടാത്ത മേൽപാലത്തിലൂടെ സുരക്ഷാ നിർദേശങ്ങൾ ലംഘിച്ചു ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മേൽപാലത്തിലൂടെ കടന്നു പോയത്.
സാധാരണയായി മേൽപാലത്തിലേക്കുള്ള പ്രവേശന മാർഗങ്ങൾ ഇരുവശത്തും അടച്ചു വയ്ക്കാറുണ്ട്. എന്നാൽ കലക്ടർ ഉൾപ്പെടെയുള്ളവരുടെ പരിശോധനയുടെ ഭാഗമായും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ ഇരുവശവും തുറന്നു വച്ചിരുന്നു. പൊലീസ് ഉൾപ്പെടെയുള്ളവർ സ്ഥലത്തുണ്ടായിരുന്നപ്പോഴാണു വാഹനങ്ങൾ മേൽപാലത്തിൽ കയറിയത്. ഇതു ശ്രദ്ധയിൽപെട്ടയുടൻ പൊലീസ് ഇടപെട്ട് നാട്ടുകാരുടെ സഹായത്തോടെ മേൽപാലത്തിന്റെ ഇരുവശവും അടയ്ക്കാൻ നിർദേശിച്ചു. അടുത്തിടെയായി മാസത്തിൽ പല തവണ ഗേറ്റ് വാഹനമിടിച്ചു തകർന്നു മണിക്കൂറുകളോളം ഗതാഗതം മുടങ്ങുന്നതു പതിവാണ്. കണ്ണൂരിൽ നിന്നു സാങ്കേതിക വിഭാഗം എത്തിയാണ് തകരാർ പരിഹരിച്ച് ഗേറ്റ് തുറന്നത്.
മേൽപാലം തുറക്കുന്നത് സംബന്ധിച്ച തീരുമാനം 2 ദിവസത്തിനകം
നീലേശ്വരം, പണി പൂർത്തിയായ പള്ളിക്കര മേൽപാലം തുറക്കുന്നതു സംബന്ധിച്ച് 2 ദിവസത്തിനകം തീരുമാനമെന്ന് കലക്ടർ കെ.ഇമ്പശേഖർ. പാലം തുറക്കുന്നതിന്റെ സാധ്യത തേടി ഇദ്ദേഹം കഴിഞ്ഞ ദിവസം മേൽപാലം സന്ദർശിച്ചു കരാറുകാരുടെ പ്രതിനിധികളുമായും ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. അറ്റകുറ്റപ്പണികൾക്കായി 19 മുതൽ ജൂലൈ 3 വരെ ഗേറ്റ് അടച്ചിടാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കലക്ടറുടെ സന്ദർശനം. മേൽപാലം തുറക്കാൻ സാധ്യത തേടിയതോടെ ഗേറ്റ് അടക്കാനുള്ള തീരുമാനം തൽക്കാലം മരവിപ്പിച്ചിട്ടുണ്ട്. മേൽപാലത്തിൽ ലോഡ് ടെസ്റ്റിങ് നടത്തി സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. റോഡ് സുരക്ഷാ ഓഡിറ്റും പൂർത്തിയായി. ഇതിന്മേൽ ബന്ധപ്പെട്ട അധികൃതരുടെ എൻഒസിയാണ് ഇനി വേണ്ടത്.
Post a Comment