(www.kl14onlinenews.com)
(Jun-21-2023)
തിരുവനന്തപുരം: വ്യാജ രേഖ ചമച്ച് ജോലി നേടിയ കേസിൽ മുൻ എസ്എഫ്ഐ നേതാവ് വിദ്യ ഇപ്പോഴും ഒളിവിൽ തുടരുന്നു. കേസിൽ പ്രതി ചേർത്ത് 15 ദിവസമായിട്ടും വിദ്യയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സൈബർസെൽ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചെങ്കിലും അന്വേഷണത്തിൽ പുരോഗതിയൊന്നും വന്നിട്ടില്ല. വ്യാജരേഖക്കേസില്‍ നീലേശ്വരത്ത് റജിസ്റ്റര്‍ ചെയ്ത കേസിലും വിദ്യ മുന്‍കൂര്‍ ജാമ്യം തേടിയതായിയാണ് വിവരം. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. 24നാണ് ഹർജി പരിഗണിക്കുന്നത്.
അതിനിടെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി
അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും മുന്‍ വിധിയോടെയുള്ള ആരോപണം വലിയ തോതിലുള്ള മാനസിക വ്യഥയുണ്ടാക്കി അവിവാഹിതയായ യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നത് നിയമവ്യവസ്ഥയെ പരിഹസിക്കലാണെന്നും വിദ്യ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
എസ്എഫ്ഐയ്ക്ക് തലവേദനയുണ്ടാക്കിയ മറ്റൊന്നാണ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം. ഇതേതുടർന്ന്, കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസിനെ എസ്എഫ്‌ഐ പുറത്താക്കി. നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ഥിനിയായിരുന്നു രംഗത്തെത്തിയത്. 2017 ൽ എംഎസ്എം കോളേജിൽ ബികോമിന് ചേർന്നെങ്കിലും നിഖിൽ പരീക്ഷ ജയിച്ചില്ല. എന്നാൽ, അതേ കോളേജിൽ ഛത്തീസ്ഗഡിലെ കലിംഗ സർവകലാശാലയിൽനിന്നുള്ള ബിരുദ സർട്ടിഫിക്കറ്റ് നൽകി എംകോമിന് ചേരുകയായിരുന്നു.
നിഖിൽ ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. നിഖിലിനെ കണ്ടെത്താനും പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരയുന്നത്. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനം ലൊക്കേഷന്‍ കാണിക്കുന്നത്.
Post a Comment