ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്നത് ‘യുവതിയുടെ പരാതി കള്ളം’; സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ

(www.kl14onlinenews.com)
(Jun-02-2023)

ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയെന്നത്
‘യുവതിയുടെ പരാതി കള്ളം’; സവാദിന് സ്വീകരണം നൽകുമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ
കൊച്ചി :
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പിടിയിലായ സവാദിന് സ്വീകരണം നല്‍കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയും മോഡലുമായ യുവതിക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും നടിക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് വട്ടിയൂർക്കാവ് അജിത് കുമാര്‍ പറഞ്ഞു.

ജയിലിൽ നിന്നും ഇറങ്ങുന്ന സവാദിനെ ഹാരം ഇട്ട് സ്വീകരിക്കുവാൻ സംഘടനാ അംഗങ്ങളെല്ലാം ആലുവ സബ് ജയിലിന്റെ മുന്നിൽ വരണമെന്ന് സംഘടന ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.

‘സവാദിനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയിരുന്നു. അയാള്‍ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ല. പുറത്തിറങ്ങിക്കഴിഞ്ഞാല്‍ ആള് എന്തും ചെയ്യാം എന്ന സ്ഥിതിയാണ്. സവാദിന്റെ അത്യാവശ്യം ഡീസന്റ് ഫാമിലിയാണ്. പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നാട്ടില്‍. ആത്മഹത്യ മുന്നില്‍ കണ്ടാണ് ജയിലില്‍ നിന്നിറങ്ങുന്നത് കുടുംബമൊക്കെ നാട് വിട്ട് പോയി. പുള്ളിക്കാരന്‍ ആകെ തകര്‍ന്ന് വല്ലാത്തൊരവസ്ഥയാണ്. ആ മാനസികാവസ്ഥയില്‍ നിന്ന് മാറ്റിയെടുക്കുകയാണ് അസോസിയേഷന്റെ ലക്ഷ്യം. ഒരുപാട് അംഗങ്ങള്‍ വരും. ഞങ്ങളൊക്കെ കൂടി സ്വീകരിച്ച് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യം’, അജിത് കുമാര്‍ പറഞ്ഞു.

നേരത്തെ, ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് അജിത് കുമാർ, സവാദിന് സ്വീകരണം നൽകുന്ന കാര്യം വെളിപ്പെടുത്തിയത്.

‘‘ഞാൻ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറാണ്. ഞാൻ ഇന്ന് നിങ്ങളുടെ മുന്നിൽ സവാദ് വിഷയവുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങൾ പറയാനാണ് വന്നിരിക്കുന്നത്. നിങ്ങൾക്ക് എല്ലാവർക്കും അറിയാം, സവാദ് എന്ന് പറയുന്ന ഒരു യുവാവ് നിരപരാധി ആയ യുവാവ്, തെറ്റു ചെയ്യാത്ത ഒരാൾ ഒത്തിരി ദിവസമായി ജയിലിൽ കിടക്കുകയാണ്. ഒരു തെളിവും ഇല്ലാത്ത, ഒരു തെളിവും ഹാജരാക്കാൻ പറ്റാത്ത കേസിലാണ് അദ്ദേഹം ജയിലിൽ കിടക്കുന്നത്.’

‘‘ഒരു നിരപരാധി ആയ ഒരു പുരുഷനെ ഒരു പെണ്ണിന്റെ, അവൾ സെലിബ്രിറ്റി ആകാൻ വേണ്ടി കാണിച്ച കുതന്ത്രത്തിന്റെ അടിസ്ഥാനത്തിൽ, അവൾ കൊടുത്ത വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു യുവാവ് ജയിലിൽ കിടക്കുകയാണ്. അദ്ദേഹത്തിന്റെ കുടുംബം ഇന്ന് വീട് ഉപേക്ഷിച്ച് വേറെ എവിടെയോ പോയി ഒളിവിൽ താമസിക്കുകയാണ്. സമൂഹത്തിൽ പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥ. ഇന്ന് ഇത് സവാദിനാണെങ്കിൽ നാളെ ഇത് എന്നെ കേൾക്കുന്ന നിങ്ങൾക്കോ എനിക്കോ വരാം. എനിക്ക് ഏതു നിമിഷവും വരാനുള്ള സാഹചര്യമുണ്ട്. കാരണം ഒത്തിരി സ്ത്രീകളുടെ കോളുകൾ വരുന്നുണ്ട്. വിഡിയോ കോളിൽ അവർ വളരെ മോശം വിഡിയോ അവരുടെ ശരീര ഭാഗങ്ങൾ‌ കാണിച്ചുകൊണ്ട് വിഡിയോ ചെയ്യാറുണ്ട്. അപ്പോൾ ഇതിൽ നമ്മൾ വീഴാതിരിക്കുക എന്നതാണ് വലിയ കാര്യം. പുരുഷൻമാരുടെ ലൈംഗിക ദാരിദ്യം, കേരളത്തിൽ നല്ലവരായിട്ടുള്ള വലിയൊരു വിഭാഗം പുരുഷൻമാർ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നുണ്ട്. അതിനെ സ്ത്രീകൾ ദുരുപയോഗം ചെയ്യുകയാണ്. അതിനെ മുതലെടുത്താണ് ഈവക കാര്യങ്ങളെല്ലാം നടക്കുന്നത്.

ആ പെൺകുട്ടി തന്നെ ഈ വിഷയം ഉണ്ടായതിനു ശേഷം ലൈവിൽ വന്നിരുന്ന് പറയുന്നത് കേട്ടാലറിയാം. സാധാരണ ഗതിയിൽ വേദനയോടും ഞെട്ടലോടും കൂടിയാകും ഇത്തരം വിഷയങ്ങൾ പെൺകുട്ടികൾ ലൈവിൽ പറയുക. ഇവിടെ ഇൻസ്റ്റഗ്രാം ഐഡി പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്. ഇൻസ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടുകയായിരുന്നു ആ പെൺകുട്ടിയുടെ ലക്ഷ്യം. ഒരു സെലിബ്രിറ്റിയാകുക. ഏതു മേഖലയിലും അവൾക്ക് എത്തിപ്പെടണം. മോഡലായതുകൊണ്ടുതന്നെ ഫിലിമിലോ ബിഗ് ബോസിലോ ഒക്കെ എത്തിപ്പെടാൻ വേണ്ടി ഒരു എടുത്തുചാട്ടമാണ് നടത്തിയത്. അതുപക്ഷേ, ഒരു കുഴിയിലേക്ക് ആയിപ്പോയി.’

‘‘പുറത്തിറങ്ങിയാൽ സ്വന്തം വാപ്പയുടെയും ഉമ്മയുടെയും പെങ്ങളുടെയും മുഖത്ത് എങ്ങനെ നോക്കും എന്നൊരു മാനസികാവസ്ഥ അദ്ദേഹത്തിനുണ്ട്. ഒരുപക്ഷേ, ആത്മഹത്യ മുന്നിൽ കണ്ടുകൊണ്ടായിരിക്കാം അദ്ദേഹം ജയിലിൽനിന്ന് ഇറങ്ങാൻ പോകുന്നത്. അപ്പോൾ അതുകൊണ്ട് നമ്മൾ അദ്ദേഹത്തിന് ആലുവ സബ് ജയിലിൽനിന്ന് ഇറങ്ങുന്നതിന്റെ അന്ന് സ്വീകരണം കൊടുക്കുകയാണ്. ഓൾ കേരള മെൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഹാരം അണിയിച്ച് സ്വീകരണം കൊടുത്ത് അദ്ദേഹത്തെ നമ്മൾ കൊണ്ടുവരും.; – അജിത് കുമാർ പറഞ്ഞു.

ഈ സ്വീകരണം കൊണ്ട് മരണത്തെ മുന്നിൽ കണ്ട് വരുന്ന അദ്ദേഹത്തിൽ മാറ്റമുണ്ടാകണമെന്നും, അന്തസായി ജീവിക്കാൻ പറ്റുമെന്ന ചിന്ത അദ്ദേഹത്തിലുണ്ടാക്കണമെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post