(www.kl14onlinenews.com)
(June-29-2023)
കൊച്ചി:
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും തകരാറിലായി. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലാണ്. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മദനിയുടെ തുടര്‍യാത്ര സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.
ബെംഗളൂരുവില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് കൊല്ലം അന്‍വാറുശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആംബുലന്‍സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് എത്തിയത്. മദനിയ്ക്ക് അകമ്പടിയായി കേരളത്തിലേക്ക് വരാനുള്ള ചെലവായി 51 ലക്ഷം രൂപ കെട്ടിവയ്ക്കാന്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് കഴിയില്ലെന്ന് വ്യക്തമാക്കി മദനി യാത്ര നീട്ടുകയായിരുന്നു. 12 ദിവസമാണ് കേരളത്തില്‍ കഴിയാനുള്ള സുപ്രീംകോടതി അനുമതിയുള്ളത്. ജൂലൈ ഏഴിനാണ് ബെംഗളൂരുവിലേക്കുള്ള മടക്കം.
തന്നെ ആസൂത്രിതമായി കുടുക്കുകയാണ് ചെയ്തതെന്ന് കേരളത്തിലെത്തിയ ശേഷം മദനി ആരോപിച്ചിരുന്നു. തന്നെ വിചാരണ തടവുകാരനാക്കുകയാണ് ചെയ്തത്. വിചാരണ നീട്ടുന്നത് നീതി നിഷേധമാണ്. ഇത്ര കാലം വിചാരണത്തടവുകാരനായി വേറെ ആര്‍ക്കും കഴിയേണ്ടി വന്നിട്ടില്ലെന്നും മദനി പറഞ്ഞു. ബംഗലൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത മദനി ജാമ്യ വ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.
Post a Comment