ഹൈദരാബാദുകാരി ലണ്ടനിൽ കൊല്ലപ്പെട്ടത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ

(www.kl14onlinenews.com)
(Jun-15-2023)

ഹൈദരാബാദുകാരി ലണ്ടനിൽ കൊല്ലപ്പെട്ടത് നാട്ടിൽ തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെ
ഹൈദരാബാദ് :ലണ്ടനിൽ നിന്നും തിരിച്ചെത്തി വിവാഹം നടക്കാനിരിക്കെയാണ് ഹൈദരാബാദുകാരിയായ പെൺകുട്ടി കൊല്ലപ്പെട്ടതെന്ന് ബന്ധുക്കൾ. പഠനത്തിനായി ലണ്ടനിൽ പോയ ഹൈദരാബാദ് സ്വദേശിനി കോന്തം തേജസ്വിനി എന്ന 27കാരിയാണ് ബ്രസീൽ പൗരന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

മൂന്നു വർഷം മുമ്പാണ് മാസ്റ്റർ ഓഫ് സയൻസ് ചെയ്യാൻ ലണ്ടനിൽ പോയതെന്ന് പെൺകുട്ടിയുടെ വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവസാനമായി നാട്ടിൽ എത്തിയത്. കഴിഞ്ഞ മേയിൽ വരാനിരുന്നതാണെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. വരുമ്പോൾ വിവാഹം നടത്താനായിരുന്നു തീരുമാനം. ഇപ്പോൾ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നുവെന്നും ബന്ധുക്കൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു തേജസ്വിനി കൊല്ലപ്പെട്ടത്. തേജസ്വിനിയുടെ കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കും സാരമായി പരുക്കേറ്റു. തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനായ കെവിൻ അന്റോണിയോ ലോറെൻസോ ഡി മോറിസിനെ അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post