നിരക്ക് കുറച്ചില്ലെങ്കിൽ നാട്ടിൽ പോകാനാകില്ല; യാത്രാ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് പ്രവാസികൾ

(www.kl14onlinenews.com)
(Jun-17-2023)

നിരക്ക് കുറച്ചില്ലെങ്കിൽ നാട്ടിൽ പോകാനാകില്ല; യാത്രാ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് പ്രവാസികൾ

അബുദാബി: വാർഷിക അവധിക്കു നാട്ടിൽ പോകാൻ ഒരുങ്ങുന്ന മലയാളികളുടെ യാത്രാ പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടുമെന്ന പ്രതീക്ഷയിൽ പ്രവാസ ലോകം. 2 ദിവസം ദുബായിൽ തങ്ങുന്ന മുഖ്യമന്ത്രിക്കു മുന്നിൽ ഉയർന്ന വിമാനനിരക്കും സീറ്റുകളുടെ കുറവും ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ് പ്രവാസികൾ.

കേന്ദ്രത്തിൽ സമ്മർദം ചെലുത്തി പ്രശ്നപരിഹാരമാണ് മുഖ്യമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ സർവീസ് ഇല്ലെന്നു മാത്രമല്ല, നിലവിലുണ്ടായിരുന്ന വിമാനങ്ങൾ പോലും ഇല്ലാതാവുകയാണ്. കൊച്ചിയിലേക്കു മാത്രമാണ് എയർ ഇന്ത്യ സർവീസ്. 26ന് സ്കൂൾ അടയ്ക്കുകയാണ്. പ്രവാസിക്ക് നാട്ടിൽ പോകണമെങ്കിൽ ഒരുവശത്തേക്ക് 70,000 രൂപയാണ് ഇന്നലത്തെ ചെലവ്. ദിവസം കഴിയുംതോറും ഇത് വർധിക്കുന്നു. ഒരു കുടുംബത്തിനു പോകാൻ ഒരുവശത്തേക്ക് 3 ലക്ഷം രൂപയെങ്കിലും വേണം.

കണ്ണൂരിലേക്കാണ് ഏറ്റവും ഉയർന്ന നിരക്ക്. സാധാരണ പ്രവാസിയുടെ രണ്ടുവർഷത്തെ സമ്പാദ്യം സ്വരുക്കൂട്ടിയാൽ പോലും ടിക്കറ്റെടുക്കാൻ തികയില്ല. ഇത്രയും കൊടുത്താൽ പോലും നേരിട്ടു കേരളത്തിലെത്താൻ കഴിയില്ല. 10 മണിക്കൂറെങ്കിലും കാത്തിരുന്ന യാത്ര ചെയ്യുന്നതിനാണ് ഈ നിരക്ക്. നേരിട്ടുള്ള വിമാനത്തിൽ നിരക്ക് ഇനിയും കൂടും.

എൻആർഐ ക്വോട്ട

എൻആർഐ ക്വോട്ടയിൽ ലക്ഷങ്ങൾ മുടക്കി സീറ്റ് വാങ്ങാൻ ശേഷിയില്ലാത്ത പ്രവാസികളുടെ മക്കൾക്കു വിദ്യാഭ്യാസം നേടാനുള്ള അവകാശം സംരക്ഷിക്കണമെന്നതും പ്രവാസികളുടെ ആവശ്യമാണ്. ഭൂരിപക്ഷം പ്രവാസികൾക്കും എൻആർഐ ക്വോട്ടയിലെ ഭീമമായ ഫീസ് താങ്ങാൻ ശേഷിയില്ല.

മൃതദേഹം നാട്ടിലെത്തിക്കാനും വേണം ലക്ഷങ്ങൾ

മൃതദേഹം നാട്ടിൽ എത്തിക്കാനും വ്യത്യസ്ത നിരക്കാണ്. ഇന്ത്യൻ വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ശരാശരി 6500–10,000 ദിർഹം (1.4–2.2 ലക്ഷം രൂപ) വേണം. കാർഗോ ബുക്കിങ് ഡോക്യുമെന്റേഷൻ നിരക്ക്, എയർവേ ബിൽ ചാർജ് തുടങ്ങിയ പേരുകളിൽ ഏജൻസികൾ അധിക നിരക്ക് ഈടാക്കുന്നത് ചെലവു കൂട്ടും. പാക്കിസ്ഥാൻ, ബംഗ്ലദേശ് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ സൗജന്യമായാണ് മൃതദേഹം കൊണ്ടുപോകുന്നത്. മൃതദേഹം അനുഗമിക്കുന്നവർക്കും ഇവർ സൗജന്യ ടിക്കറ്റ് നൽകുമ്പോഴാണ് ഇന്ത്യയിലേക്ക് ഉയർന്ന നിരക്ക് വാങ്ങുന്നത്.

Post a Comment

Previous Post Next Post