(www.kl14onlinenews.com)
(Jun-06-2023)
കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളജിൽ വിദ്യാര്‍ഥിപ്രക്ഷോഭം തുടരുകയാണ്. നിനച്ചിരിക്കാതെ വന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യ കാരണം പ്രക്ഷോഭങ്ങളുടെ കുന്തമുനയായി അമല്‍ജ്യോതി മാറിയിരിക്കുകയാണ്. രണ്ടാം വര്‍ഷ ഫുഡ് ടെക്നോളജി വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷി(20)ന്റെ ആത്മഹത്യയാണ് കോളെജിനെതിരെ രോഷം ഉയരാന്‍ കാരണം.
മരണവുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോളെജിലേക്ക് മാര്‍ച്ച് നടത്തിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് ശ്രദ്ധയെ ഹോസ്റ്റലില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശ്രദ്ധയുടേത് ആത്മഹത്യാശ്രമമാണ് എന്ന കാര്യം കോളേജ് അധികൃതര്‍ മറച്ച് വയ്ക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് കോളെജിനെതിരെ രോഷം ഉയരാന്‍ ഇടയാക്കിയത്. ഇതേ രോഷം ഇപ്പോള്‍ പൊലീസിനെതിരെയും ഉയര്‍ന്നിരിക്കുകയാണ്.
sradha_satheesh
പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നാണ് വിദ്യാര്‍ഥി സംഘടനകളുടെ ആക്ഷേപം. ഇന്നു വിദ്യാര്‍ത്ഥികളും കോളെജ് മാനേജ്മെന്റും തമ്മില്‍ നടന്ന ചര്‍ച്ച അലസിപ്പിരിഞ്ഞു. ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് ഇടവരുത്തിയ എച്ച്ഒഡിയെ സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണം എന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. ഇതിനു കോളേജ് മാനെജ്മെന്റ് വഴങ്ങിയിട്ടില്ല.വിദ്യാര്‍ഥികള്‍ ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. കോളേജ് തത്കാലത്തേക്ക് അടച്ചു പൂട്ടിയിട്ടുണ്ട്.
ശ്രദ്ധയുടേത് ആത്മഹത്യാ ശ്രമമാണ് എന്ന് മറച്ചുവെച്ചതോടെ വിദ്യാര്‍ഥിനിയ്ക്ക് ചികിത്സ വൈകാനും അത് മരണത്തിലേക്ക് നയിക്കാനും ഇടവരുത്തി എന്ന ആരോപണമാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തുന്നത്. വിദ്യാര്‍ഥി സംഘടനകളുടെ പ്രക്ഷോഭം രൂക്ഷമായതോടെ കോളേജ് തത്ക്കാലത്തേക്ക് അടച്ചു പൂട്ടുകയാണ് അധികൃതര്‍ ചെയ്തത്. ഹോസ്റ്റലില്‍ നിന്നും ഒഴിയാനും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ പരീക്ഷ നടക്കുന്ന സമയം ആയതിനാല്‍ കോളേജ് ഹോസ്റ്റല്‍ ഒഴിയാന്‍ മിക്ക വിദ്യാര്‍ഥികളും തയ്യാറാകുന്നില്ല. ഇതും മറ്റൊരു സംഘര്‍ഷത്തിനു വഴിവെച്ചിട്ടുണ്ട്.
ശ്രദ്ധ ആത്മഹത്യ ചെയ്യേണ്ട ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് ശ്രദ്ധയുടെ വീട്ടുകാരും ആരോപിക്കുന്നത്. ആത്മഹത്യയുടെ മുന്‍പുള്ള രണ്ടു ദിവസങ്ങള്‍ എന്തോ സംഭവിച്ചിട്ടുണ്ട്. അത് എന്താണ് എന്നറിയണം എന്നാണ് ശ്രദ്ധയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി യൂണിയനുകള്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞത് ഇങ്ങനെ: ലാബില്‍ കയറിയപ്പോള്‍ ശ്രദ്ധയ്ക്ക് മൊബൈലില്‍ ഏതോ സന്ദേശം വന്നു. ലാബില്‍ വെച്ച് ശ്രദ്ധ മൊബൈല്‍ എടുക്കുന്നത് ലാബ് അസിസ്റ്റന്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇയാള്‍ മൊബൈല്‍ ശ്രദ്ധയുടെ കയ്യില്‍ നിന്നും വാങ്ങി വകുപ്പ് മേധാവിയ്ക്ക് നല്‍കി.
വകുപ്പ് മേധാവിയും ലാബ് അസിസ്റ്റനറും കൂടി ശ്രദ്ധയെ കടുത്ത ഭാഷയില്‍ ശകാരിച്ചു. ഈ ശകാരം ഉള്‍ക്കൊള്ളാന്‍ ശ്രദ്ധയ്ക്ക് കഴിഞ്ഞില്ല. ഇനി ജീവിച്ചിരിക്കാന്‍ കഴിയില്ലെന്നാണ് സഹപാഠികളോട് ശ്രദ്ധ പറഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. ഇതിനു ശേഷമാണ് ശ്രദ്ധയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ശ്രദ്ധയെ ആശുപത്രിയില്‍ എത്തിക്കാന്‍ തന്നെ വളരെ വൈകി. ആശുപത്രിയില്‍ എത്തിച്ചിട്ടും ആത്മഹത്യാ ശ്രമം എന്നത് മറച്ചുവെച്ചു. കുട്ടി തലകറങ്ങി വീണതാണ് എന്ന് പറഞ്ഞു. ഇത് ശ്രദ്ധയ്ക്ക് ചികിത്സ വൈകാന്‍ ഇടവരുത്തി. ശ്രദ്ധ മരിക്കുകയും ചെയ്തു-ഇതാണ് വിദ്യാര്‍ഥി സംഘടനകളുടെ ആക്ഷേപം. ഇത് തന്നെയാണ് കോളേജ് ക്യാമ്പസ് പ്രക്ഷോഭ ഭൂമിയാക്കുന്നത്
നല്ല വിദ്യാര്‍ഥിനിയാണ് ശ്രദ്ധ. കോളേജ് അധികൃതരുടെ മാനസിക പീഡനമാണ് ശ്രദ്ധയെ ആത്മഹത്യയിലേക്ക് നയിച്ചത്-കെഎസ് യു സാങ്കേതിക സര്‍വ്വകലാശാല സംസ്ഥാന കണ്‍വീനര്‍ ജെസ്വിന്‍ ജോയ് ഇന്ത്യാ ടുഡേയോട് പറഞ്ഞു. ലാബിലെ മൊബൈല്‍ ഫോണ്‍ പ്രശ്ണമാണ് ആത്മഹത്യയ്ക്ക് കാരണം. കടുത്ത മാനസിക പീഡനമാണ് ഈ പ്രശ്നത്തില്‍ ശ്രദ്ധയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. സപ്ലിമെന്ററി എഴുതുന്ന കാര്യം പറഞ്ഞു ഇവര്‍ മാനസികമായി പീഡിപ്പിച്ചു. എനിക്കിനി ജീവിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് ശ്രദ്ധ ഹോസ്റ്റലിലേക്ക് പോയത്. അതിനു ശേഷം ഞങ്ങള്‍ അറിയുന്നത് ശ്രദ്ധയുടെ ആത്മഹത്യയാണ്-ജെസ്വിന്‍ പറയുന്നു.
ഈ പ്രശ്നത്തില്‍ കെഎസ് യുവിനൊപ്പം എബിവിപിയും എസ്എഫ്ഐയും അടക്കമുള്ള മറ്റു വിദ്യാര്‍ഥി സംഘടനകളും പ്രക്ഷോഭ രംഗത്താണ്. ബുധനാഴ്ച മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടക്കും എന്നാണ് ലഭിക്കുന്ന വിവരം.
Post a Comment