ഹജ്ജ് തീർഥാടകർ മിനായിലേക്ക്; ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും

(www.kl14onlinenews.com)
(June-25-2023)

ഹജ്ജ് തീർഥാടകർ മിനായിലേക്ക്;
ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും

മക്ക:ഹജ്ജ് കർമങ്ങൾക്കായി തീർഥാടകർ മിനായിലേക്ക് നീങ്ങി. സുപ്രധാന കർമങ്ങൾ തിങ്കളാഴ്‌ച ആരംഭിക്കും. ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനയിലാണ്.

ദൈവത്തിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും ജ്ജ് മാസം ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരി പുതുമോടിയണിയും. 25 ലക്ഷം ചതുരശ്രമീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്‌വരയിൽ രണ്ട് ലക്ഷത്തോളം തമ്പുകളുണ്ട്. ഇത്തവണ മിനയെ കൂടുതൽ മികവുകളോടെയാണ് ഒരുക്കിയിട്ടുള്ളത്.

ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ ഉൾക്കൊണ്ട് ഏറ്റവും മികച്ച സേവനങ്ങളാണ് സർക്കാർ, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് ഹറമുകളിലും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക് ഒരുക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി തീർഥാടകർക്ക് അനായാസമായികർമങ്ങൾ അനുഷ്ഠിക്കാനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരണങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ ഒരുക്കിയിട്ടുണ്ട്.

മിനായിൽ ഇന്ത്യൻ ഹാജിമാർക്കുള്ള തമ്പുകൾ കിങ് അബ്ദുൽ അസീസ് പാലത്തിന് ഇരുവശവും ജൗഹറ റോഡിനും കിങ് ഫഹദ് റോഡിനും ഇടയിലുമാണ് ഒരുക്കിയിട്ടുള്ളത്. ചൊവ്വാഴ്ചയാണ് ഹജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. മിനായിൽ ഒരു ദിനം രാപ്പാർത്താണ് അതിൽ പങ്കെടുക്കാൻ തീർഥാടകർ അറഫയിലേക്ക് നീങ്ങുക.

ഇന്ത്യയിലെ നിന്നുള്ള ഒന്നേ മുക്കാൽ ലക്ഷം പേരാണ് ഇത്തവണ ഹജ് നിർവഹിക്കുക. ഞായറാഴ്ച വൈകിട്ടോടെ മിനായിലേക്ക് തീർഥാടകർ നീങ്ങും. മലയാളി ഹാജിമാരുടെ ഒരുക്കവും ഇതിനകം പൂർത്തിയായി. ഹജ്ജിനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്ത്യൻ ഹജ് മിഷന്റെ കീഴിലാണ് പൂർത്തീകരിക്കുന്നത്.

ബലി കൂപ്പൺ വിതരണവും മെട്രോ ട്രെയിൻ ടിക്കറ്റ് അറഫ, മിന തമ്പുകളിലേക്കുള്ള പ്രവേശന കൂപ്പൺ എല്ലാം ഹാജിമാർക്ക് ലഭിച്ചിട്ടുണ്ട്. ബസുകളിലാണ് താമസസഥലത്തുനിന്ന് ഹാജിമാർ പുറപ്പെടുക. ഹാജിമാരെ മിനാ തമ്പുകളിൽ എത്തിക്കുന്നതടക്കം മുഴുവൻ നിയന്ത്രിക്കുന്നത് ഹജ് സർവീസ് കമ്പനിയാണ്. ഹാജിമാരെ അനുഗമിക്കാൻ 550 ലേറെ ഖാദിമുൽ ഹുജാജുമാരും (ഹജ് വെളൻറിയർമാർ) ഇന്ത്യയിൽനിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽനിന്നുള്ള ഉദ്യോഗസ്ഥരുമുണ്ടാവും. മിനായിൽ ഇന്ത്യൻ ഹജ് മിഷൻ ഓഫിസും അതിനോടനുബന്ധിച്ചു മെഡിക്കൽ സെൻററും ഒരുക്കിയിട്ടുണ്ട്. ഹാജിമാരുടെ സേവനത്തിനായി 17 ആംബുലൻസുകളും ഉണ്ടാവും. കേരളത്തിൽനിന്നും ഇത്തവണ 11,252 ഹാജിമാരാണ് സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴിൽ എത്തിയിട്ടുള്ളത്. ഇതിൽ 4,232 പുരുഷന്മാരും 6,899 സ്ത്രീകളുമാണ്. ഇതിൽ 2,733 മഹ്‌റമില്ലാ വിഭാഗത്തിൽ ഉള്ളവരാണ്.

ഇവരെ നയിക്കാനായി ഒൻപത് വനിതാ വെളന്റിയർമാർ ഉൾപ്പടെ 28 ഖാദിമുൽ ഹുജാജുമാരാണുള്ളത്. ഇവരെ നിയന്ത്രിക്കുന്നത് ജാഫർ മാലിക് ഐഎഎസ് ആണ്. ഇത് കൂടാതെ 5,000 ത്തോളം വിവിധ സന്നദ്ധ സംഘടനാ വെളന്റിയർമാരും ഹജ് പ്രദേശങ്ങളിൽ സേവനത്തിനെത്തും. ഏഴായിരത്തോളം മലയാളി ഹാജിമാർ സ്വകാര്യ ഗ്രൂപ്പുകളിലും എത്തിയിട്ടുണ്ട്. മദീന സന്ദർശനത്തിലായിരുന്ന സ്വകാര്യ ഗ്രൂപ്പുകളിലുള്ള ഹാജിമാർ വെളിയാഴ്ചയോടെ മക്കയിൽ എത്തിയിരുന്നു.

മഹ്‌റമില്ല വിഭാഗത്തിലുള്ള വനിതാ തീർഥാടകർക്ക് യാത്രക്കുള്ള ബസും താമസിക്കുന്ന തമ്പുകളും ഉൾപ്പെടെ സൗകര്യങ്ങൾ എല്ലാം പ്രത്യേകമാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക സുരക്ഷാ ജീവനക്കാരും ഇവർക്കുണ്ട്. കേരളത്തിൽനിന്നുള്ള അഞ്ച് മലയാളി തീർഥാടകർ വിവിധ കാരണങ്ങളാൽ അന്തരിച്ചിരുന്നു. ഇതിൽ ചിലരുടെ ബന്ധുക്കൾ പകരമായി ഹജിനെത്തിയിട്ടുണ്ട്. മലയാളി ഹാജിമാർക്കുൾപ്പടെ 84,000 ഹാജിമാർക്ക് ഇത്തവണ മെട്രോയിൽ ഹജ് ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യാനാവും. ഇവർക്ക് ജംറയിലേക്ക് കല്ലെറിയാൻ മെട്രോ ട്രെയിൻ ഉപയോഗപ്പെടുത്താനാവും. മറ്റു ഹാജിമാർ നടന്നു വേണം കല്ലേറ് കർമത്തിന് പോകാൻ.

Post a Comment

Previous Post Next Post