(www.kl14onlinenews.com)
(June-23-2023)
പാലക്കാട്: ഒളിവിൽ പോയിട്ടില്ലെന്ന് ആവർത്തിച്ച് വ്യാജരേഖ കേസിൽ അറസ്റ്റിലായ കെ.വിദ്യ. നോട്ടീസ് കിട്ടിയിരുന്നുവെങ്കിൽ ഹാജരാകുമായിരുന്നുവെന്നും വിദ്യ പറഞ്ഞു. അതേസമയം, വിദ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും ഒരു ചോദ്യത്തിനും കൃത്യമായ മറുപടി നൽകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതിനിടെ, വിദ്യയുടെ ഒളിത്താവളം കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് കൂട്ടുകാരിക്കൊപ്പമുള്ള സെൽഫി. സുഹൃത്തിന്റെ ഫോണിലൂടെയാണ് ഒളിവിൽ കഴിയവേ വിദ്യ വിവരങ്ങൾ അറിഞ്ഞത്. ഈ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് റിപ്പോർട്ട് ഉണ്ട്. അതേസമയം, വിദ്യയെ ഒളവിൽ കഴിയാൻ സഹായിച്ചവർക്കെതിരെ കേസെടുക്കില്ല. നിലവിൽ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് അറിയിച്ചു.
ഒളിവിലായിരുന്ന എസ്എഫ്ഐ മുൻ നേതാവ് വിദ്യയെ കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി. കോടതി ജൂലൈ ഏഴുവരെ വിദ്യയെ റിമാൻഡിൽ വിട്ടു. വിദ്യയെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ ജൂൺ 24 ന് വീണ്ടും പരിഗണിക്കും.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനുപിന്നാലെ വിദ്യ ഒളിവിൽ പോയിരുന്നു. കേസെടുത്ത് 16-ാം ദിവസമാണ് വിദ്യ പിടിയിലായത്. അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വിദ്യ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജികള്‍ കോടതി പരിഗണിക്കാനായി അടുത്തയാഴ്ച മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. വിദ്യയെ പിടികൂടാൻ വൈകുന്നതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.
പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു വിദ്യയ്ക്കെതിരായ കേസ്. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണു പൊലീസ് കേസ് എടുത്തത്. വ്യാജരേഖ ചമയ്ക്കൽ (ഐപിസി 465), വഞ്ചിക്കാൻ വേണ്ടി വ്യാജരേഖയുണ്ടാക്കൽ (468), യഥാർഥ രേഖയെന്ന മട്ടിൽ അത് ഉപയോഗിക്കൽ (471) എന്നീ കുറ്റങ്ങളാണു വിദ്യയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
Post a Comment