യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പുലർച്ചെ രണ്ട് മണിക്ക് വാതിൽ ചവിട്ടിപ്പൊളിച്ച്

(www.kl14onlinenews.com)
(June-23-2023)

യൂട്യൂബർ തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത് പുലർച്ചെ രണ്ട് മണിക്ക് വാതിൽ ചവിട്ടിപ്പൊളിച്ച്
കൊച്ചി : വിവാദ യുട്യൂബർ കണ്ണൂർ സ്വദേശി ‘തൊപ്പി’ എന്ന നിഹാദിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. എറണാകുളത്തെ ഫ്ലാറ്റിൽനിന്ന് വളാഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. മുറിയുടെ വാതിൽ തകർത്താണ് പൊലീസ് ‘തൊപ്പി’യെ പിടികൂടിയത്. പൊലീസ് ഫ്ലാറ്റിനു പുറത്തെത്തി വാതിൽ തുറക്കാനാവശ്യപ്പെട്ടെങ്കിലും തൊപ്പി തയാറായില്ല.

തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാതിൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ‘തൊപ്പി’ സമൂഹമാധ്യമങ്ങളിൽ തത്സമയം പങ്കവച്ചു. സ്റ്റേഷനിൽ ഹാജരാകാമെന്ന് അറിയിച്ചിട്ടും സമ്മതിച്ചില്ലെന്നും പ്രശസ്തിക്കു വേണ്ടിയാണ് അറസ്റ്റെന്നും തൊപ്പി ആരോപിച്ചു.

കട ഉദ്ഘാടന വേദിയിൽ അശ്ലീല പദപ്രയോഗങ്ങൾനടത്തിയതിനു തൊപ്പിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞയാഴ്ച വളാഞ്ചേരിയിൽ കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടാക്കിയെന്ന വകുപ്പും ചുമത്തിയിട്ടുണ്ട്.

കോഴിക്കോട് റോഡിൽ നവീകരണം പൂർത്തിയാക്കിയ കടയുടെ ഉദ്ഘാടനത്തിനാണ് ഇയാൾ എത്തിയത്. കടയുടമയ്ക്കെതിരെയും കേസെടുത്തു. ട്രോമാ കെയർ വൊളന്റിയർ സൈഫുദ്ദീൻ പാടമാണ് പരാതി നൽകിയത്. ആയിരക്കണക്കിനു കുട്ടികളാണ് യുട്യൂബറെ കാണാൻ എത്തിയിരുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. വളാഞ്ചേരി പെപ്പെ എന്ന ജെൻസ് ഷോറൂമിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പൊതുജനമധ്യത്തിൽ തെറിപ്പാട്ട് പാടിയതാണ് വിവാദമായത്. കൂടാതെ ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.

തൊപ്പിയുടെ പരിപാടിക്കെതിരെ ഡിവൈഎഫ്ഐ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പരിപാടിയ്ക്കിടെ തെറിപ്പാട്ട് പാടിയത് സമൂഹമാധ്യമങ്ങളിൽ ഉൾ‌പ്പെടെ ചർച്ചവിഷയമായിരുന്നു. സമൂഹമാധ്യമത്തില്‍‌ രൂക്ഷവിമര്‍ശനമായിരുന്നു പരിപാടിക്കെതിരെയും തൊപ്പിക്കെതിരെയും ഉയർന്നത്.

ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് തൊപ്പി. വിജയ് ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് തൊപ്പി ഭാ​ഗമാകുന്നത്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്‍റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. യൂട്യൂബില്‍ ആയിരക്കണക്കിന് ഫോളോവോഴ്സാണ് തൊപ്പിക്കുള്ളത്. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും ചര്‍ച്ചയായിരുന്നു.

Post a Comment

Previous Post Next Post