(www.kl14onlinenews.com)
(June-23-2023)
കണ്ണൂർ :
വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാലിന് സ്റ്റേഷന്‍ ജാമ്യം നല്‍കി വളാഞ്ചേരി പൊലീസ്. എന്നാല്‍ ഇയാള്‍ക്കെതിരെ കണ്ണൂരിലും കേസെടുത്തതിനാല്‍ പുറത്തിറങ്ങാനാവില്ല. പ്രതിയെ കണ്ണപുരം പൊലീസിന് കൈമാറും. അശ്ലീല സംഭാഷണങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരമാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. അതേസമയം പൊതുസ്ഥലത്ത് അശ്ലീലം പറഞ്ഞതിനും, ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കിയതിനുമാണ് 'തൊപ്പി'ക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്ന് രാവിലെയാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് അകത്തുകയറിയതെന്ന് ഇയാള്‍ ആരോപിച്ചു. പൊലീസ് നടപടി ഇയാള്‍ ലൈവ് വീഡിയോയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്ന ശേഷമാണ് വാതില്‍ ചവിട്ടി പൊളിക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഇടയ്ക്ക് വാതില്‍ തുറക്കാനുള്ള ശ്രമത്തിനിടെ ലോക്കായിപ്പോയിരുന്നു. ഈ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കാതിരിക്കാന്‍ കൂടിയാണ് അത്തരമൊരു നീക്കത്തിലേക്ക് കടക്കേണ്ടി വന്നതെന്നും പൊലീസ് വ്യക്തമാക്കി.
ജൂണ്‍ 17ന് ആയിരുന്നു വളാഞ്ചേരി കരിങ്കല്ലത്താണിയിലെ ഒരു വസ്ത്രശാലയുടെ ഉദ്ഘാടനത്തിന് പിന്നാലെയാണ് 'തൊപ്പി'ക്കെതിരെ ആദ്യ പരാതിയെത്തുന്നത്. അന്ന് വന്‍ ജനക്കൂട്ടമാണ് ഇയാളെ കാണാനായി തടിച്ചുകൂടിയത്. തുടര്‍ന്ന് ഇയാള്‍ മൈക്കിലൂടെ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കുന്ന രീതിയില്‍ അശ്ലീല പദപ്രയോഗങ്ങളും മറ്റും നടത്തി ഇയാള്‍ സമൂഹത്തില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന് പൊലീസിന് പരാതി ലഭിച്ചു. ഈ വീഡിയോ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വളാഞ്ചേരി പ്രദേശത്തെ മൊത്തമായും മോശക്കാരായി ചിത്രീകരിച്ച് ചര്‍ച്ച നടക്കുന്നുവെന്നും പരാതിക്കാരന്‍ ആരോപിച്ചു. വളാഞ്ചേരിയിലെ ട്രോമോ കെയര്‍ വളണ്ടിയറും മാധ്യമ പ്രവര്‍ത്തകനുമായ സൈഫുദ്ധീന്‍ പാടത്താണ് പരാതി നല്‍കിയത്.
ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ ശ്രദ്ധനേടിയ ആളാണ് കണ്ണൂര്‍ സ്വദേശിയായ 'തൊപ്പി'. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. കണ്ണൂര്‍ ശൈലിയിലുള്ള സംസാരത്തിലൂടെ ഫാന്‍സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില്‍ വിമര്‍ശനവും നേരിടുന്നുണ്ട്. യൂട്യൂബില്‍ ആറ് ലക്ഷത്തോളം ഫോളോവോഴ്‌സാണ് ഇയാള്‍ക്കുള്ളത്. ഇയാളുടെ വീഡിയോയുടെ ഉള്ളടക്കം അശ്ശീലവും സ്ത്രീവിരുദ്ധവുമാണെന്ന് കാണിച്ച് നേരത്തെത്തന്നെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇത്തരമൊരാളെ ചെറിയ കുട്ടികള്‍ പിന്തുടരുന്നതും ചര്‍ച്ചയായിരുന്നു
Post a Comment