(www.kl14onlinenews.com)
(Jun-13-2023)
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ. കേസ് രാഷ്ട്രീയ പകപോക്കലല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് കേസിൽ പ്രതി ചേർത്തത്. തെളിവുകളോടുകൂടി ഒരു പരാതി ലഭിച്ചാൽ അതിൽ നടപടിയുണ്ടാകും. പാർട്ടിക്കാരാണെങ്കിൽ പോലും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന മുന്നണിയും പാർട്ടിയുമാണ് ഇടതുപക്ഷം. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു.
ഏഷ്യാനെറ്റ് ലേഖികയ്ക്കെതിരെ പരാതി ലഭിച്ചാൽ അന്വേഷണം നടത്തേണ്ടതായി വരും. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാൽ കേസ് ഉണ്ടാവില്ല. മുൻപും ഇത്തരത്തിൽ കേസുകൾ ഉണ്ടായിട്ടുണ്ട്. തെറ്റ് ചെയ്യാത്തവർ ഭയപ്പെടേണ്ട കാര്യം ഇല്ല. മാധ്യമങ്ങൾക്ക് നിർഭയമായി പ്രവർത്തിക്കാമെന്നും ജയരാജൻ വ്യക്തമാക്കി. എം.വി.ഗോവിന്ദന്റെ പരാമർശത്തിലും ജയരാജൻ പ്രതികരിച്ചു. പൊലീസിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ പറയുക മാത്രമാണ് പാർട്ടി സെക്രട്ടറി ചെയ്തതെന്നും ഭീഷണിയുടെ സ്വരമല്ല ഗോവിന്ദന്റേതെന്നും അദ്ദേഹം പറഞ്ഞു.
വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതി വിദ്യയെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് അറിവുണ്ടെങ്കിൽ പൊലീസിനെ അറിയിക്കൂവെന്നും ജയരാജൻ പറഞ്ഞു. നിങ്ങളുടെ കയ്യിൽ ഇതുസംബന്ധിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ പൊലീസിനെ അറിയിക്കൂ. ആരെങ്കിലും ഒളിവിൽ പാർപ്പിച്ചതായി അറിഞ്ഞാൽ മാധ്യമങ്ങൾക്കും ചൂണ്ടിക്കാട്ടാം. പ്രതികളെ രക്ഷിക്കാൻ ആരും ശ്രമിക്കുന്നില്ല. പൊലീസ് അതിന്റെ ജാഗ്രതയോടു കൂടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ജയരാജൻ അഭിപ്രായപ്പെട്ടു.
മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിലാണ് കെ.സുധാകരനെ പ്രതി ചേര്‍ത്തത്. വ്യാജ പുരാവസ്തുക്കള്‍ ഉപയോഗിച്ച് മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തത്. കേസില്‍ സുധാകരനെതിരെ വഞ്ചനാക്കുറ്റം ചുമത്തി രണ്ടാം പ്രതിയാക്കി എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മോന്‍സനാണ് ഒന്നാംപ്രതി.
ലോകത്തെ ഏറ്റവുംവലിയ പുരാവസ്തുമ്യൂസിയം സ്ഥാപിക്കാനെന്നു വിശ്വസിപ്പിച്ച് 10 കോടി തട്ടിയതായി കോഴിക്കോട് സ്വദേശികളായ എം.ടി.ഷമീര്‍, യാക്കൂബ്, സിദ്ദിഖ്, സലിം, മലപ്പുറം സ്വദേശി ഷാനിമോന്‍, തൃശ്ശൂര്‍ സ്വദേശി അനൂപ് അഹമ്മദ് എന്നിവര്‍ നല്‍കിയ പരാതിയിലാണ് മോന്‍സനെ 2021 സെപ്റ്റംബര്‍ 26-ന് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 25 ലക്ഷം രൂപ മോന്‍സന് കൈമാറുമ്പോള്‍ കെ.സുധാകരന്‍ എംപി മോന്‍സന്റെ വീട്ടിലുണ്ടായിരുന്നുവെന്നാണ് പരാതിക്കാർ ആരോപിച്ചത്. മോൻസൻ സുധാകരന് 10 ലക്ഷം രൂപ കൈമാറുന്നത് കണ്ടതായി മോൻസന്റെ ഡ്രൈവർ അജിത്ത്, ജീവനക്കാരായ ജെയ്‌സൺ, ജോഷി എന്നിവർ കോടതിയിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്.
Post a Comment