(www.kl14onlinenews.com)
(Jun-20-2023)
മുംബൈ: ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിന്റെ മത്സര ക്രമം വൈകുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിനെ കുറ്റപ്പെടുത്തി ബിസിസിഐ. ബിസിസിഐ രണ്ടാഴ്ച മുൻപു സമർപ്പിച്ച കരട് മത്സരക്രമം ഐസിസി വിവിധ ടീമുകൾക്ക് അയച്ചിരുന്നു. മറ്റു ടീമുകളൊന്നും എതിർപ്പ് അറിയിച്ചിട്ടില്ല. എന്നാൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് എതിര്‍പ്പുമായി എത്തിയതോടെ മത്സരക്രമം പുറത്തിറക്കുന്നതു വൈകുകയാണ്.
അഫ്ഗാനിസ്ഥാനെതിരായ പാക്കിസ്ഥാന്റെ മത്സരം ചെന്നൈയിലും ഓസീസിനെതിരായ പോരാട്ടം ബെംഗളൂരുവിലും നടത്താനാണു തീരുമാനിച്ചത്. എന്നാൽ അഫ്ഗാനെതിരായ കളി ബെംഗളൂരുവിൽ വേണമെന്നാണ് പാക്കിസ്ഥാന്റെ നിലപാട്. സ്പിൻ ബോളിങ്ങിനെ തുണയ്ക്കുന്ന ചെന്നൈയിലെ പിച്ചില്‍ അഫ്ഗാനിസ്ഥാന്റെ ലോകോത്തര സ്പിന്നർമാരെ നേരിടാനുള്ള ഭയമാണു കാരണം. എന്നാൽ പാക്കിസ്ഥാന്റെ ഈ നിലപാട് ബിസിസിഐ അംഗീകരിച്ചിട്ടില്ല.
രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുകയാണ് ഇപ്പോൾ. ഇന്ത്യയ്ക്കെതിരായ മത്സരം അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കാൻ സാധിക്കില്ലെന്നും പാക്കിസ്ഥാൻ നേരത്തേ നിലപാടെടുത്തിരുന്നു. മോദി സ്റ്റേഡിയത്തിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നാണു പാക്കിസ്ഥാന്റെ വാദം. വേദികളെക്കുറിച്ച് പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന തടസ്സവാദങ്ങളാണു പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ബിസിസിഐയുടെ പരാതി.
ഈ വർഷം ഒക്ടോബർ– നവംബർ മാസങ്ങളിലാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കേണ്ടത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനു ശേഷം ലോകകപ്പ് മത്സര ക്രമം പുറത്തിറക്കുമെന്നായിരുന്നു നേരത്തേയുള്ള വിവരം. എന്നാൽ ഇതുവരെ ലോകകപ്പ് മത്സരക്രമങ്ങൾ പുറത്തുവിട്ടിട്ടില്ല. അടുത്ത ആഴ്ചയോടെയെങ്കിലും ലോകകപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കാനാണ് ഐസിസിയുടെ ശ്രമം.
Post a Comment