(www.kl14onlinenews.com)
(Jun-11-2023)
ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ കുറ്റാരോപിതയായ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്. വിഷയത്തില്‍ പോലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. താന്‍ കേസില്‍ നിരപരാധിയാണെന്നും, മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിദ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും.
അതേസമയം കേസിൽ കുറ്റാരോപിതയായ വിദ്യ വിജയൻറെ വീട്ടിൽ അഗളി പോലീസും നീലേശ്വരം പോലീസും പരിശോധന നടത്തി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യാ വിജയന്റെ വീട്ടിൽ അഗളി പോലീസ് ആണ് ആദ്യം വീട്ടിലെത്തിയത്. പോലീസ് എത്തുമ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വിദ്യയും വീട്ടുകാരും നാട്ടിൽ നിന്ന് പോയിരുന്നു.
ഒടുവിൽ അടുത്തുള്ള ബന്ധുവിനെ തേടിപ്പിടിച്ചാണ് പോലീസ് വീട് തുറന്ന് പരിശോധന നടത്തിയത്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കൊപ്പമാണ് വിദ്യ താമസിച്ചിരുന്നത്. അതേസമയം, അയൽവാസികളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. കോടതി ഉത്തരവുപ്രകാരമാണ് തെളിവ് ശേഖരിക്കാൻ വീട്ടിലെത്തിയതെന്ന് അഗളി എസ് എച്ച് ഓ സലിം പറഞ്ഞു.
Post a Comment